എടപ്പാൾ: പത്തുമാസമായി ശമ്പളം ലഭിക്കാതെ മലബാർ ദേവസ്വംബോർഡ് ജീവനക്കാർ. ഹൈക്കോടതി ഉത്തരവും മന്ത്രിമാരുടെയും സർക്കാരിന്റെയും വാഗ്‌ദാനങ്ങളും പാലിക്കപ്പെടാതെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഉള്ള വരുമാനംപോലും നിലച്ച അവസ്ഥയിലാണവർ.

തൃശ്ശൂർ ജില്ലയുടെ ഒരുഭാഗം മുതൽ കാസർകോട് വരെയുള്ള ഭാഗത്തെ 1,600 ക്ഷേത്രങ്ങളിലെ ആറായിരത്തോളം ജീവനക്കാരാണ് മാസങ്ങളായി ദുരിതത്തിൽക്കഴിയുന്നത്. ഇതിൽ നൂറിൽത്താഴെ സ്‌പെഷ്യൽ, എ ഗ്രേഡ് ക്ഷേത്രങ്ങളൊഴികെയുള്ളവയിലെല്ലാം വരുമാനം കുറവാണ്. ഇവരാണ് കൃത്യമായ വേതനംകിട്ടാതെ നരകിക്കുന്നത്.

സർക്കാരിനുകീഴിലുണ്ടായിരുന്ന ഹിന്ദുമത ധർമസ്ഥാപന ഭരണവകുപ്പിലെ ക്ഷേത്രങ്ങളുടെ ഭരണം 2008 ഒക്ടോബർ രണ്ടിനാണ് മലബാർ ദേവസ്വംബോർഡ് രൂപവത്കരിച്ച് അതിനുകീഴിലാക്കിയത്. പേരുമാറിയതല്ലാതെ ഒരു മാറ്റവും പിന്നീടുണ്ടായില്ല.

ഓരോ ക്ഷേത്രത്തിനും ഓരോ നിയമമെന്നതുമാറ്റി ഏക സ്‌കീമും പൊതുഫണ്ടും വേണമെന്ന ആവശ്യം ഈ സർക്കാർ അനുഭാവപൂർവം പരിഗണിക്കുകയും കമ്മിറ്റിയെ നിയോഗിച്ച് പഠിക്കുകയും ചെയ്തിരുന്നു. അവരുടെ റിപ്പോർട്ടുപോലും പിന്നീട് അംഗീകരിച്ചില്ല. കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ച് മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന ഉത്തരവ് സമ്പാദിച്ചു.

ഇതേത്തുടർന്ന് റിപ്പോർട്ട് നിയമപരിഷ്‌കാര കമ്മിഷനു വിട്ട് കരട് ബിൽ സർക്കാരിന് നൽകി തുടർനടപടികൾക്കായി ഉത്തരവായെങ്കിലും പിന്നീട് ഒന്നുമുണ്ടായില്ല. ബിൽ നിയമസഭാസമ്മേളനത്തിൽ പ്രാബല്യത്തിലാക്കുമെന്ന് ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും ഉറപ്പുനൽകിയിരുന്നതായി സംയുക്ത യൂണിയൻ ഭാരവാഹികൾ പറയുന്നു.

നടപടികളുണ്ടാകാത്തതിനെത്തുടർന്ന് ഈമാസം ഒന്നിന് വീടുകളിൽ തുല്യാവകാശദിനമാചരിച്ചു. കോ-ഓർഡിനേഷൻ കമ്മിറ്റിയും അഖിലകേരള ശാന്തി ക്ഷേമ യൂണിയനും കേരള ടെംപിൾ ജന. വർക്കേഴ്‌സ് അസോസിയേഷനും ദേവസ്വം ബോർഡ് ഓഫീസിനുമുന്നിൽ സത്യാഗ്രഹവുമാരംഭിച്ചിട്ടുണ്ട്.

നിയമം പാസാക്കാത്തപക്ഷം അതിശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് തീരുമാനമെന്ന് ഭാരവാഹികളായ വി.വി. ശ്രീനിവാസൻ, എം.വി. ശശി, അഡ്വ. നീരജ് എം. നമ്പൂതിരി, ശ്രീജേഷ് എന്നിവർ പറഞ്ഞു.