തിരുവനന്തപുരം: അപകടമേഖലയായ ബ്ലാക്ക് സ്‌പോട്ടുകളിൽ അതിവേഗത എടുക്കുന്ന ഡ്രൈവർമാരെ കുടുക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ ഇ-പട്രോളിങ് സ്‌ക്വാഡ് സജ്ജമായി. 45 വൈദ്യുത പട്രോളിങ് വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ 20 എണ്ണംകൂടി എത്തും.

24 മണിക്കൂർ നിരീണക്ഷത്തിലൂടെ അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് ശബരിമല മണ്ഡലകാലത്ത് നടപ്പാക്കിയ സേഫ് സോൺ പദ്ധതിയിലൂടെ തെളിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് സേഫ് കേരള പദ്ധതി ആവിഷ്‌കരിച്ചത്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വൈദ്യുത വാഹനങ്ങൾ പട്രോളിങ്ങിന് ഉപയോഗിക്കുന്നത്.

238 ബ്ലാക്ക് സ്‌പോട്ടുകളാണ് റോഡുകളിലുള്ളത്. ഇതിൽ 159 എണ്ണം ദേശീയപാതകളിലും ശേഷിക്കുന്നവ സംസ്ഥാന പാതകളിലുമാണ്. ബ്രീത്ത് അനലൈസർ, ലക്സി മീറ്റർ, ഡെസിബൽ മീറ്റർ തുടങ്ങി വാഹനപരിശോധനയ്ക്ക് ആവശ്യമായ ഉപകരണങ്ങളെല്ലാം സ്‌ക്വാഡിന് നൽകിയിട്ടുണ്ട്. ഡ്രൈവർമാരായി ഹോംഗാർഡുകളെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഓൺലൈൻ ചെക്ക്‌ റിപ്പോർട്ടുകൾ തയാറാക്കുന്നതിനുള്ള ഇ-ചലാൻ മെഷീനുകളും നൽകിയിട്ടുണ്ട്. പകരം കുറ്റകൃത്യങ്ങൾ ക്യാമറയിൽ പകർത്തി ഓൺലൈനിൽ പിഴ ചുമത്താനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.