കണ്ണൂർ: വ്യവസായവകുപ്പിനു കീഴിലെ നാല് പൊതുമേഖലാ സ്പിന്നിങ് മില്ലുകൾക്ക് പുതിയ ഓട്ടോകോണർ യന്ത്രം വാങ്ങിയതിൽ അഴിമതിയെന്ന് ആരോപണം. 7.5 കോടി രൂപയ്ക്കാണ് യന്ത്രം വാങ്ങിയത്. ഒരേ കമ്പനിയുടെ യന്ത്രം ഒരേ കാലയളവിൽ വ്യത്യസ്ത വിലയ്ക്കാണ് വാങ്ങിയത്. ഇതുസംബന്ധിച്ച് ഭരണകക്ഷി തൊഴിലാളി യൂണിയനായ എ.ഐ.ടി.യു.സി. പരാതി നൽകി. തുടർന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിശോധനാ വിഭാഗമായ റിയാബ് സെക്രട്ടറി സ്പിന്നിങ് മില്ലുകളുടെ രജിസ്ട്രാറായ ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽസ് ഡയക്ടറോട് വിശദീകരണം തേടി. കണ്ണൂർ, കുറ്റിപ്പുറം, മലപ്പുറം, തൃശ്ശൂർ എന്നിവിടങ്ങളിലെ മില്ലുകളിലാണ് ഉയർന്നവിലയ്ക്ക് യന്ത്രം വാങ്ങിയത്. തൃശ്ശൂർ മാളയിലെ കരുണാകരൻസ്മാരക സഹകരണ സ്പിന്നിങ് മിൽ, കേരള ടെക്‌സ്റ്റൈൽസ് കോർപ്പറേഷന് കീഴിലെ മൂന്ന് മില്ലുകൾ എന്നിവ ഇതേ കാലയളിൽ 15 ലക്ഷം മുതൽ 21 ലക്ഷം രൂപവരെ വിലക്കുറവിലാണ് ഇതേ തരത്തിലുള്ള യന്ത്രം വാങ്ങിയത്.

ഹാൻഡ്‌ലൂം ഡയറക്ടർക്കോ, ഹാൻഡ്‌ലൂം വിജിലൻസ് വിഭാഗത്തിനോ അന്വേഷണച്ചുമതല നൽകുന്നതിന് പകരം മിൽ എം.ഡി.മാരിൽനിന്ന് വിശദീകരണം തേടിയത് അന്വേഷണം അവസാനിപ്പിക്കാനുള്ള ശ്രമമാണെന്നാണ്‌ യൂണിയന്റെ ആരോപണം. നേരത്തേ യു.ഡി.എഫ്. ഭരണകാലത്ത് മൂന്നു യന്ത്രം വാങ്ങിയതിൽ എൽ.ഡി.എഫ്. ഭരണകാലത്തെ ധനകാര്യപരിശോധനാവിഭാഗം ക്രമക്കേട് കണ്ടെത്തിയിരുന്നു.

ആരോപണത്തിൽ ബന്ധപ്പെട്ടവരിൽനിന്ന് വിശദീകരണം ചോദിച്ചതായി ഹാൻഡ്‌ലൂം അധികൃതർ പറഞ്ഞു. യന്ത്രങ്ങളിൽ കൂട്ടിച്ചേർക്കുന്ന ചില സംവിധാനങ്ങൾ കാരണം വിലവ്യത്യാസം വരുമെന്നാണ് അവർ പറയുന്നത്.

ഓട്ടോകോണർ യന്ത്രം

മില്ലുകളിൽ സ്പിന്നിങ് പ്രവൃത്തി വേഗത്തിലാക്കുന്ന യന്ത്രമാണ് ഓട്ടോമാറ്റിക് കോണർ യന്ത്രം. 12 തൊഴിലാളികൾ വേണ്ടിടത്ത് രണ്ട് തൊഴിലാളികൾ മതി. 1.30 കോടിമുതൽ 2.10 കോടിവരെയാണ് വില. ഇറ്റലി, ജർമനി എന്നിവിടങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്.