മറയൂർ: ലോക്‌ഡൗൺ സമയത്ത് വീട്ടിൽ മരുന്നെത്തണോ? ഡോക്‌ടറുടെ കുറുപ്പടി സഹിതം വനംവകുപ്പിന് വാട്‌സാപ്പിൽ ഒരു സന്ദേശം അയയ്ക്കൂ. മരുന്ന് വീട്ടിലെത്തും. അതും സൗജന്യമായി.

മറയൂർ റേഞ്ചിന് കീഴിലുള്ള പ്രദേശങ്ങളിലാണ് വനംവകുപ്പ് ഈ സേവനം നൽകുന്നത്. നാല് ഉദ്യോഗസ്ഥരുടെ നമ്പരുകളിലേക്ക് മെസേജ് അയയ്ക്കാം. ഡോക്ടറുടെ കുറുപ്പടിയും വേണം. ആ മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽനിന്ന് വാങ്ങി വാതിൽപ്പടിക്കൽ കൊണ്ടെത്തിക്കും.

നിരത്തുകളിൽ ആളുകൾ ഇറങ്ങുന്നത് കുറയ്ക്കാൻ വേണ്ടിയാണ് ഈ പദ്ധതി.

കുടികളിൽ പലചരക്കും

ആദിവാസികൾ ഏറെയുള്ള മേഖലയാണ് മറയൂർ. അവർക്ക് അവശ്യ സാധനങ്ങൾ കിട്ടണമെങ്കിൽ 15 കിലോമീറ്റർ മലയിറങ്ങി ടൗണിൽ വരണം. അവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും മറയൂർ റേഞ്ച് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ഉദ്യോഗസ്ഥരുടെ നമ്പരിലേക്ക് അയയ്ക്കണം. വിളിച്ചുപറഞ്ഞാലും മതി. ഈ സാധനങ്ങൾ വനംവകുപ്പ് കുടികളിൽ എത്തിക്കും. സാധനങ്ങളുടെ പണം നൽകണം. കിടപ്പുരോഗികളും പ്രായമായവരും പണം നൽകേണ്ടതില്ല.

മറയൂർ റേഞ്ച് ഓഫീസർ എം.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. വനസംരക്ഷണ സമിതി, സാൻഡൽ സ്‌ട്രൈക്കിങ് ഫോഴ്‌സ് എന്നിവയും സഹകരിക്കുന്നുണ്ട്.

ജീപ്പുകൾ റെഡി

കുടികളിൽ ആർക്കെങ്കിലും അസുഖമോ മറ്റ് അടിയന്തര ആവശ്യങ്ങളോ ഉണ്ടായാൽ ഓടിച്ചെല്ലാൻ വനംവകുപ്പ് ജീപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്. അതുപോലെ കർഷകരുടെ വിളകൾ കുടികളിൽനിന്ന് ശേഖരിച്ച് വിൽപ്പന നടത്തി തുക അവരുടെ അക്കൗണ്ടിൽ ഇടും. കുടികളിലേക്ക് പുറമേക്കാരെ ആരേയും തത്കാലം കയറ്റില്ല.

ഫോൺ നമ്പരുകൾ

എം.ജി.വിനോദ് കുമാർ-9446212321

അനിൽ കുമാർ-9447193640

സതീഷ്-8281973928

രാമകൃഷ്ണൻ-9447193630.