കൊച്ചി: ലോക്ഡൗണിൽ ദീർഘദൂര തീവണ്ടികളില്ലാതാകുന്നത് കേരളത്തിൽനിന്നുള്ള അതിഥിത്തൊഴിലാളികളുടെ മടക്കയാത്രയെ ബാധിച്ചേക്കും. തൊഴിലില്ലാതാകുന്നതും നാടുകളിലേക്ക് മടങ്ങാൻ സാധിക്കാത്തതും ഇവർക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും കഴിഞ്ഞ ലോക്ഡൗണിലേതിന് സമാനമായി പ്രതിഷേധവുമായി നിരത്തിലിറങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളും റിപ്പോർട്ട് നൽകി. യാത്രക്കാരില്ലെന്ന കാരണത്താൽ കേരളത്തിലൂടെ ഓടുന്ന 11 ദീർഘദൂര തീവണ്ടികളാണ് രണ്ടാഴ്ചയ്ക്കിടെ റദ്ദാക്കിയത്. അതിഥിത്തൊഴിലാളികളെ ബാധിക്കാത്ത തീവണ്ടികളാണിവയെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്.

പശ്ചിമബംഗാൾ, ഒഡിഷ, ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരിലധികവും. റിസർവ് ചെയ്തുള്ള യാത്രമാത്രമേ അനുവദിക്കുന്നുള്ളൂ എന്നതിനാൽ മടങ്ങുന്നവരുടെ എണ്ണവും കുറവാണ്. കഴിഞ്ഞദിവസം പ്രത്യേക തീവണ്ടിയായി കൊണ്ടുവന്ന തിരുവനന്തപുരം-മാൽദാ (പശ്ചിമബംഗാൾ) തീവണ്ടിയുടെ ബുക്കിങ് മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയായി.

കഴിഞ്ഞ ലോക്ഡൗണിൽ ഒറ്റയടിക്ക് തീവണ്ടിഗതാഗതം അവസാനിപ്പിച്ചതോടെ അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാൻ ധാരാളം ‘ശ്രമിക്ക്’ തീവണ്ടികൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് ഓടിക്കേണ്ടിവന്നിരുന്നു.