തൃശ്ശൂർ: മൂന്ന് ജയിലുകളിലേക്ക് ഉപയോഗപ്പെടുത്താനായി ജയില്‍വകുപ്പ് വാങ്ങിയ ആറ് നായ്ക്കൾ പരിശീലനം കിട്ടാതെ മുരടിക്കുന്നു. ഡിസംബറിൽ 1,53,000 രൂപയ്ക്ക് വാങ്ങിയ ആറ് ലാബ്രഡോർ നായ്ക്കള്‍ക്കാണ് ഇനിയും പരിശീലനം നൽകാനാകാത്തത്. ഇവയെ ഇപ്പോൾ തൃശ്ശൂരിലെ ജയിൽ കെന്നലിൽ പാര്‍പ്പിച്ചിരിക്കുകയാണ്.

തൃശ്ശൂരിലെ അതിസുരക്ഷാ ജയില്‍,അട്ടക്കുളങ്ങര ജയിൽ,തവന്നൂരിലെ പുതിയ ജയിൽ എന്നിവിടങ്ങളിലേക്ക് ഉപയോഗപ്പെടുത്താനാണ് ഇവയെ വാങ്ങിയത്. രണ്ടു മാസം പ്രായമുള്ളപ്പോൾ വാങ്ങിയ നായകൾക്ക് ഉടൻ തന്നെ പരിശീലനം നൽകുന്നതാണ് രീതി. മുമ്പ് ജയില്‍വകുപ്പ് വാങ്ങിയ നായ്ക്കൾക്ക് വാങ്ങിയ ഉടന്‍തന്നെ പരിശീലനം നൽകിയിരുന്നു. എന്നാൽ, കോവിഡും വകുപ്പിന്റെ അമാന്തവും കാരണം ഇത്തവണ വിദഗ്ധ പരിശീലനം നൽകാനായില്ല.

കേരള പോലീസ് അക്കാദമിയിലെ നായപരിശീലന േകന്ദ്രത്തിലാണ് സാധാരണ ജയില്‍ നായ്ക്കൾക്കും പരിശീലനം നൽകുക. ഒരു തവണ പോലീസ് അക്കാദമിയിലെ പരിശീലകരെ ജയിൽ െകന്നലിലെത്തിച്ചും പരിശീലനം നൽകിയിരുന്നു. എന്നാൽ, ഡിസംബറിൽ വാങ്ങിയ ആറ് നായ്ക്കളുടെ പരിശീലന കാര്യത്തില്‍ ഒന്നുമുണ്ടായില്ല. പ്രായം കൂടുംതോറും പരിശീലനം നൽകുന്നത് കഠിനമാകുകയും നായ്ക്കൾക്ക് കാര്യങ്ങളിൽ വൈദഗ്ധ്യം കിട്ടുന്നത് കുറയുകയും ചെയ്യും.

ഇപ്പോൾ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പരിശീലനം ഇനിയും ൈവകിയേക്കും. അതോടെ വിദഗ്ധ പരിശീലനം നൽകൽ അസാധ്യമാകും. എന്നാൽ, ജയിലിലെ കെന്നലില്‍ ചെറിയ തോതിലുള്ള പരിശീലനം നൽകുന്നുണ്ടെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. അതിനിടെ പോലീസ് അക്കാദമിയിലെ ഉന്നതാധികാരികളും ജയിൽവകുപ്പ് ഉന്നതാധികാരികളും തമ്മിലുള്ള ശീതസമരമാണ് പരിശീലനം വൈകുന്നതിന് കാരണമാകുന്നതെന്നും ആരോപണമുണ്ട്.