തേഞ്ഞിപ്പലം: സസ്യശാസ്ത്രജ്ഞരുടെ പറുദീസയായ അരുണാചൽപ്രദേശിലെ വനാന്തരങ്ങളിൽനിന്ന് സസ്യലോകത്തേക്ക് രണ്ടു പുതിയ ഇഞ്ചിയിനങ്ങൾ കൂടി. ’ സിഞ്ചിബർ കോർണിജിറം’, ’ സിഞ്ചിബർ കംപാനുലേറ്റം’ എന്നിങ്ങനെ പേരു നൽകിയിരിക്കുന്ന സസ്യങ്ങളെ കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്.

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃതകോളേജിലെ ബോട്ടണിവിഭാഗം അസി. പ്രൊഫസറും ഗവേഷകനുമായ ടി. ജയകൃഷ്ണൻ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ ബോട്ടണി വിഭാഗം അധ്യാപകൻ ഡോ. ആൽഫ്രഡ് ജോ, കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകരായ ഡോ. എം. സാബു, ഡോ. വി.എസ്. ഹരീഷ് എന്നിവരടങ്ങുന്ന സംഘമാണ് സുന്ദരപുഷ്പങ്ങളുണ്ടാകുന്ന സസ്യങ്ങളെ കണ്ടെത്തിയത്.

അരുണാചൽപ്രദേശിലെ ലോവർ ദിബാങ്‌വാലി ജില്ലയിൽനിന്നു കണ്ടെത്തിയ ഇഞ്ചിയിനങ്ങൾ നമ്മുടെ നാടൻ ഇഞ്ചിയുടെ അടുത്ത ബന്ധുക്കളാണ്.

വെളുപ്പിൽ പിങ്ക് നിറംകലർന്ന പൂക്കളും ഇലകളുടെ അടിവശത്തെ പിങ്ക് നിറവുമാണ് സിഞ്ചിബർ കോർണിജിറത്തെ മറ്റിനങ്ങളിൽനിന്നു വ്യത്യസ്തമാക്കുന്നത്. ബെൽ ആകൃതിയിലുള്ള പുഷ്പങ്ങളാണ് സിഞ്ചിബർ കംപാനുലേറ്റത്തിന്റെ പ്രത്യേകത.

ലാറ്റിൻഭാഷയിൽ ബെൽ (മണി) എന്നർഥം വരുന്ന കംപാനുലേറ്റം എന്ന പേരു നൽകിയതും ഈ കാരണത്താലാണ്. സിഞ്ചിബർ ജനുസിൽപ്പെട്ട സസ്യങ്ങൾ പൊതുവെ ജൂൺ, ജൂലായ് മാസങ്ങളിലാണ് പുഷ്പിക്കുന്നത്. ഒരു ദിവസം മാത്രമാണ് പൂക്കളുടെ ആയുസ്. ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തോടുകൂടി കായ്ക്കുന്ന ഇവ ഡിസംബർ ‍-ജനുവരിയാകുമ്പോഴേക്കും മണ്ണിനടിയിലെ കിഴങ്ങുകൾമാത്രം ബാക്കിയാക്കി നശിക്കുകയും അടുത്ത മൺസൂൺകാലത്ത് വീണ്ടും മുളപൊട്ടുകയും ചെയ്യും.

പുതിയ കണ്ടെത്തൽ അന്താരാഷ്ട്ര സസ്യശാസ്ത്ര ജേണലായ ’തായ്‌വാനിയ’ യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.