കൊണ്ടോട്ടി: സാമ്പത്തികവർഷാവസാനത്തിന് മൂന്ന് ആഴ്ച കൂടി ശേഷിക്കേ തദ്ദേശസ്ഥാപനങ്ങൾ വാർഷികപദ്ധതികളുടെ പൂർത്തീകരണത്തിരക്കിൽ. ട്രഷറികളിൽ കുടിശ്ശികയുള്ള ബില്ലുകൾകൂടി പരിഗണിച്ചാൽ 71.28 ശതമാനം പദ്ധതികൾ ഇതിനകം പൂർത്തീകരിച്ചിട്ടുണ്ട്.

7276.56 കോടി രൂപയാണ് സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളുടെയും വാർഷിക അടങ്കൽ. ഇതിൽ 5186.81 കോടി രൂപയുടെ പദ്ധതികളാണ് പൂർത്തീകരിച്ചത്. ഇതിൽ 645.94 കോടി രൂപ ട്രഷറികളിൽ കുടിശ്ശികയായുണ്ട്.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് മികച്ചരീതിയിലാണ് ഈവർഷം പദ്ധതിനിർവഹണം പുരോഗമിക്കുന്നത്. കഴിഞ്ഞവർഷം ട്രഷറി കുടിശ്ശിക ഉൾപ്പെടെ 78.57 ശതമാനമായിരുന്നു പദ്ധതി നിർവഹണം. മാർച്ച്‌ അവസാനം ട്രഷറികളിൽ 2447.15 കോടി രൂപയുടെ ബില്ലുകൾ കുടിശ്ശികയായുണ്ടായിരുന്നു.

ട്രഷറി നിയന്ത്രണമൊന്നുമില്ലാതെയാണ് ഇത്തവണ പദ്ധതിനിർവഹണം മുന്നോട്ടുപോകുന്നത്. കഴിഞ്ഞദിവസങ്ങളിൽ സെർവർ തകരാർ സംഭവിച്ചതിനാൽ ട്രഷറികളിൽ ഇടപാട് മുടങ്ങിയതാണ് കുടിശ്ശിക കൂടാൻ കാരണം.

കോഴിക്കോട് കോർപ്പറേഷൻ (48.3 ശതമാനം), ഗുരുവായൂർ നഗരസഭ (79.31 ശതമാനം), കണ്ണൂർ ജില്ലാപഞ്ചായത്ത് (80.61), ആലപ്പുഴ ജില്ലയിലെ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് (94.67), കാസർകോട് ജില്ലയിലെ ഈസ്റ്റ് എളാരേ പഞ്ചായത്ത് (103 ശതമാനം) എന്നിവയാണ് പദ്ധതി നിർവഹണത്തിൽ മുന്നിട്ടുനിൽക്കുന്നത്.

സാമ്പത്തികവർഷം തുടക്കത്തിൽ, കോവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി വാർഷിക പദ്ധതി നിർവഹണത്തിന്റെ വേഗം കുറച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് എത്തിയതോടെ വേഗംകൂടി. മിക്കയിടങ്ങളിലും പുതിയ ഭരണസമിതികൾക്ക് കീഴിലും പദ്ധതിനിർവഹണം വേഗം കുറയാതെ പുരോഗമിക്കുകയാണ്.

വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നിരവധി നിർമാണപ്രവർത്തനങ്ങൾ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ പുരോഗമിക്കുകയാണ്. റോഡ് ടാറിങ് ഉൾപ്പെടെയുള്ള പ്രവൃത്തികളും നടക്കുന്നു. ഇവ മാർച്ച് 31-നകം പൂർത്തിയാക്കി പദ്ധതിച്ചെലവ് ഉയർത്താനാണ് തദ്ദേശസ്ഥാപനങ്ങളുടെ ശ്രമം.