എടക്കര: നീലഗിരി ജില്ലയിലേക്കുളള പ്രവേശനത്തിന് കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന ഉത്തരവ് തമിഴ്‌നാട് സർക്കാർ പിൻവലിച്ചു. എന്നാൽ ഇ -പാസ് നിർബന്ധമാക്കിയ തീരുമാനം തുടരും.

കേരളത്തിൽ കോവിഡ് വ്യാപിച്ചതിനെത്തുടർന്ന് തമിഴ്‌നാട് സർക്കാർ രണ്ടാഴ്ചമുൻപ് നീലഗിരി ജില്ലയിലേക്കുള്ള പ്രവേശനത്തിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. യാത്രക്കാർ കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആർ.ടി.പി.സി.ആർ. സർട്ടിഫിക്കറ്റും ഇ -പാസും കരുതണമെന്നായിരുന്നു ഉത്തരവ്.

ഇതിനെത്തുടർന്ന് ജില്ലാ അതിർത്തിയായ നാടുകാണിക്കു പുറമെ കാക്കനഹള്ള, നമ്പ്യാർകുന്ന്, താളൂർ, ചോലാടി, പാട്ടവയൽ, ബറളിയാർ, കുഞ്ചപ്പന മുതലായ ചെക്ക് പോസ്റ്റുകളിൽ കർശനമായ പരിശോധനയാണ് നടന്നിരുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ എത്തിയ നൂറുകണക്കിന് ആളുകൾക്കാണ് പരിശോധനയിൽ കുടുങ്ങി മടങ്ങേണ്ടിവന്നത്. ഇത് വ്യാപകമായ പ്രതിഷേധനത്തിന് ഇടയാക്കിയിരുന്നു. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഭരണകൂടം തമിഴ്‌നാട്ടിലെ ഉന്നതാധികൃതരുമായി ബന്ധപ്പെട്ടിരുന്നു.