മലപ്പുറം: ഓട്ടോയിൽ മരണത്തിലേക്കു വഴുതിവീഴുമ്പോൾ കൈയിലുണ്ടായിരുന്ന മുഷിഞ്ഞ സഞ്ചി അയാൾ മുറുകെ മാറോടു ചേർത്തുപിടിച്ചു. കണ്ണുകൾ പിന്നോട്ടുമറഞ്ഞ് പിന്നെ മെല്ലെ മരണത്തിലേക്ക്. സ്വന്തം കൈയിൽക്കിടന്ന് ഒരാൾ മരണത്തിനു കീഴടങ്ങുന്നതുകണ്ട ഓർമയുടെ ഞെട്ടലിലാണ് ഇപ്പോഴും ധന്യ എന്ന കൗൺസലർ. എന്നാൽ മക്കൾ ഉപേക്ഷിച്ച അച്ഛന് ആ നിമിഷം മകളായി മാറാൻ കഴിഞ്ഞതിലുള്ള സംതൃപ്തി നെഞ്ചിൽ ചേർത്തുപിടിക്കുന്നു. കോവിഡ് രോഗിയാണ് മരിച്ചതെന്ന കാര്യമറിയുന്നത് പീന്നീട്. അയാളിൽനിന്നു കിട്ടിയ കോവിഡ് കാരണം ഇപ്പോൾ ക്വറന്റീനിൽ കഴിയുന്നു. ഈ അനുഭവം ധന്യ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.
മാറഞ്ചേരി ജി.എച്ച്.എസ്.എസിലെ കൗൺസലറാണ് ധന്യ ആബിദ്. ഡിസംബർ 29-ന് രാവിലെയാണ് മാറഞ്ചേരി പഞ്ചായത്ത് നാലാംവാർഡ് മെമ്പർ നിഷയുടെ വിളിയെത്തുന്നത്. വാർഡിൽ പ്രായമേറിയയാൾ ഒറ്റയ്ക്ക് വാടകവീട്ടിൽ താമസിക്കുന്നുണ്ട്. അയാളെ തവനൂരിലെ വൃദ്ധസദനത്തിലേക്കു മാറ്റണം. വീട്ടിലെത്തി ഉള്ളിലേക്കുകയറിയപ്പോൾ തീരെ അവശനായ ഒരു മനുഷ്യൻ നിലത്തുകിടക്കുന്നു. 75 വയസ്സെങ്കിലും തോന്നും. ആശുപത്രിയിലെത്തിക്കാൻ നേരിയ ശബ്ദത്തിൽ അയാൾ പറയുന്നുണ്ടായിരുന്നു. ആശാവർക്കറായ സിന്ധുവിനെക്കൂടി സഹായത്തിനുവിളിച്ചു. ഓട്ടോറിക്ഷ വിളിച്ചു. ഷർട്ട് ധരിപ്പിച്ചശേഷം ബന്ധുക്കളാരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയാരുമില്ലെന്ന് തീരെ ദുർബലമായ ശബ്ദത്തിൽ അയാൾ പറഞ്ഞു. എഴുന്നേറ്റിരിക്കാൻപോലും കഴിയാതിരുന്ന അയാളെ ഡ്രൈവർ പ്രദീപൻ കോരിയെടുത്ത് ഓട്ടോയിൽ ചാരിക്കിടത്തി. താങ്ങിപ്പിടിക്കാൻ രണ്ടുവശത്തുമായി ധന്യയും സിന്ധുവും കൂടെ നിഷയും. അഞ്ചുകിലോമീറ്ററുണ്ട് അടുത്ത കമ്യൂണിറ്റി സെന്ററിലേക്ക്. സീറ്റിൽ പിന്നോട്ട് ചാരിക്കിടന്ന അയാൾക്ക് അസ്വസ്ഥത കൂടിവരുന്നു. നെഞ്ചും കൈയും മെല്ലെ തടവിക്കൊടുത്തു. കണ്ണുകൾ പിന്നോട്ടുചായുന്നു. പിന്നെ മെല്ലെ കണ്ണുകളടഞ്ഞു. അതയാളുടെ മരണമായിരുന്നു.
സഞ്ചി പരതിയപ്പോൾ പഴകിമുഷിഞ്ഞ കുറച്ചു നോട്ടുകൾ. ആയിരം രൂപവരും. ഏതാനും കടലാസ് ചുരുൾ വേറെയും. അതിലൊന്നിൽ കുറച്ചു ഫോൺനമ്പറുകൾ. ഒരുനമ്പറിൽ വിളിച്ചപ്പോൾ കിട്ടിയ സ്ത്രീ അതു തന്റെ അച്ഛനാണെന്ന് ആദ്യം പറഞ്ഞു. എന്നാൽ സംസാരം നീണ്ടപ്പോൾ അച്ഛൻ മൂന്നുവർഷം മുൻപ് മരിച്ചുപോയി എന്നായി വിശദീകരണം. പിന്നീടാണറിഞ്ഞത്, കുടുംബവഴക്കിൽ വീടിനുപുറത്തായി അനാഥനായി മാറിയ ഒരച്ഛനാണ് മരിച്ചുകിടക്കുന്നതെന്ന്. ബന്ധുക്കൾ വന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചതിനാൽ ചട്ടപ്രകാരം സംസ്‌കാരച്ചടങ്ങ് നടന്നു. ആശുപത്രി റിപ്പോർട്ടിൽ ഇങ്ങനെ എഴുതി: പേര് രാമചന്ദ്രൻ, വയസ്സ് 75, സ്ഥലം അജ്ഞാതം.