തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനപ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്ന് ഇറങ്ങിപ്പോയി. ഗവർണർ സഭയിലേക്ക് എത്തിയതുമുതൽ സ്പീക്കറുടെയും സർക്കാരിന്റെയും രാജിയാവശ്യപ്പെട്ട് മുദ്രാവാക്യംവിളി തുടങ്ങിയ പ്രതിപക്ഷം ഗവർണർ നയപ്രഖ്യാപനപ്രസംഗം ആരംഭിച്ച് പത്തുമിനിട്ടായപ്പോഴേക്കും സഭവിട്ടിറങ്ങി. പിന്നീട് സഭാകവാടത്തിനുമുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ തന്റെ ഭരണഘടനാപരമായ കടമ നിർവഹിക്കാൻ അനുവദിക്കണമെന്ന് ഗവർണർ ആവർത്തിച്ചിരുന്നു.
രാവിലെ ഒൻപതുമണിയോടെ ഗവർണറെ സഭാഹാളിലേക്ക് ആനയിക്കുമ്പോൾത്തന്നെ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളും ഉയർത്തി പ്രതിഷേധംതുടങ്ങി. ഡോളർകടത്തിൽ സംശയത്തിന്റെ നിഴലിലായ സ്പീക്കർ രാജിെവച്ച് സഭയുടെ അന്തസ്സ് കാക്കണമെന്നും സ്വർണക്കടത്തിന്റെയും അഴിമതിയുടെയും പ്രഭവകേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നുമായിരുന്നു ആരോപണം. മുദ്രാവാക്യം വിളികൾക്കിടെ ഗവർണർ നയപ്രഖ്യാപനപ്രസംഗം ആരംഭിച്ചതോടെ പ്രതിപക്ഷനേതാവും പ്രതിഷേധപ്രസംഗവുമായി എഴുന്നേറ്റു. രമേശ് ചെന്നിത്തലയുടെ പ്രസംഗം വകവെക്കാതെ ഗവർണർ പ്രസംഗം തുടർന്നു. ഇതിനിടെ മുദ്രാവാക്യംവിളി പ്രസംഗം തടസ്സപ്പെടുത്തുന്നുമെന്ന ഘട്ടമെത്തിയതോടെ താൻ ഭരണഘടനാപരമായ തന്റെ കടമ നിറവേറ്റുകയാണെന്നും അതിന് അനുവദിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. എന്നാൽ, പ്രതിപക്ഷം അടങ്ങിയില്ല.
രമേശ് ചെന്നിത്തല പ്രസംഗം തുടരുന്നതിനിടെ എൽദോസ് കുന്നപ്പള്ളി, ഷാഫി പറമ്പിൽ, വി.ടി. ബൽറാം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു സംഘം സ്പീക്കറുടെ ചേംബറിനുമുന്നിലേക്ക് ബാനറുമായെത്തി മുദ്രാവാക്യംവിളി തുടർന്നു. പിന്നീട് പ്രതിപക്ഷാംഗങ്ങൾ നയപ്രഖ്യാപനം ബഹിഷ്കരിച്ച് പുറത്തുപോയി. പിന്നാലെ പി.സി. ജോർജും സഭവിട്ടിറങ്ങി. എന്നാൽ, ബി.ജെ.പി. അംഗം ഒ. രാജഗോപാൽ സഭയിൽ തുടർന്നു.
പുറത്തേക്കിറങ്ങിയ പ്രതിപക്ഷാംഗങ്ങൾ സഭാകവാടത്തിൽ കുത്തിയിരുന്നു. നയപ്രഖ്യാപനംകഴിഞ്ഞ് ഗവർണർ പുറത്തേക്കുവരുന്നതിന് തൊട്ടുമുമ്പ് വാച്ച് ആൻഡ് വാർഡ് എത്തി ഇവരെ സഭാകവാടത്തിനുമുന്നിൽനിന്ന് മാറ്റി. നയപ്രഖ്യാപനം പൂർത്തിയാക്കി ഗവർണർ പുറത്തേക്കിറങ്ങിയപ്പോഴും മുദ്യാവാക്യംവിളി തുടർന്നു. പുറത്തേക്കുവന്ന ഗവർണർ പ്രതിപക്ഷാംഗങ്ങൾക്കുനേരെ കൈവീശി നിയമസഭ വിട്ടു.