കൊച്ചി: തൃശ്ശൂർ-വടക്കഞ്ചേരി റൂട്ടിലെ കുതിരാനിൽ ഒരു തുരങ്കം മാർച്ച്‌ 31-നകം പൂർത്തിയാക്കി ദേശീയപാത അതോറിറ്റിക്ക്‌ കൈമാറുമെന്ന്‌ കരാറുകാർ ഹൈക്കോടതിയെ അറിയിച്ചു. തൃശ്ശൂരിൽനിന്നു പോകുമ്പോൾ വലതുവശത്തുള്ള തുരങ്കമാണ്‌ പൂർത്തിയാക്കുന്നത്‌. അതിന്റെ സുരക്ഷാ പരിശോധന കൂടി പൂർത്തിയാക്കിയേ ഗതാഗതത്തിന്‌ തുറന്നുകൊടുക്കാനാവൂ എന്ന്‌ ദേശീയപാത അതോറിറ്റി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്‌. സുരക്ഷ പ്രധാനമായതിനാൽ പരിശോധനയ്ക്ക്‌ എത്ര സമയം എടുക്കുമെന്ന്‌ ഇപ്പോൾ പറയാനാവില്ലെന്നും അറിയിച്ചു.

നാലുവരിപ്പാതയുള്ള വലതു തുരങ്കം സുരക്ഷാ പരിശോധനയ്ക്കു ശേഷം തുറക്കുന്നതോടെ ഗതാഗതക്കുരുക്ക്‌ കുറയുമെന്നാണ്‌ പ്രതീക്ഷ. അതോടെ രണ്ടാമത്തെ തുരങ്കത്തിൽ ഗതാഗതം നിരോധിച്ച്‌ പണി നടത്തുമെന്നും കരാറുകാരായ തൃശ്ശൂർ എക്സ്‌പ്രസ്‌ വേ കമ്പനി ബോധിപ്പിച്ചു. കുതിരാനിലെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട്‌ നിയമസഭയിലെ ഗവ. ചീഫ്‌ വിപ്പ്‌ കെ. രാജനും ഷാജി ജെ. കോടങ്കണ്ടത്തും നൽകിയ ഹർജികളിലാണിത്‌. തുരങ്കങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള വിദഗ്ദ്ധ റിപ്പോർട്ട്‌ സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന്‌ ദേശീയപാത അതോറിറ്റി ബോധിപ്പിച്ചു. അക്കാര്യം കൂടി വിലയിരുത്തി ജസ്റ്റിസ്‌ പി.വി. ആശ ഹർജികൾ ഫെബ്രുവരി 26-ന്‌ പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്‌.

ഇരട്ട തുരങ്കങ്ങൾ എത്രയും വേഗം ഗതാഗതത്തിന്‌ തുറന്നു നൽകണമെന്നാണ്‌ ആവശ്യമെന്ന്‌ ഹർജിക്കാർ ബോധിപ്പിച്ചു. കഴിഞ്ഞ ദിവസം കുതിരാനിൽ അഞ്ചു മണിക്കൂറോളം നീണ്ട ഗതാഗതക്കുരുക്കുണ്ടായെന്ന് ഹർജിക്കാരൻ ബോധിപ്പിച്ചു. എന്നാൽ നിർമാണ പ്രവർത്തനമല്ല, അമിതവേഗം മൂലം ലോറി മറിഞ്ഞതാണ്‌ അന്നത്തെ കുരുക്കിനു കാരണമെന്ന്‌ കരാർ സ്ഥാപനം ബോധിപ്പിച്ചു.

കുതിരാനിൽ കോടതി നിർദേശപ്രകാരം പരിശോധനയ്ക്ക്‌ ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ദ്ധന്‌ തിരക്കുകൾ മൂലം ബുദ്ധിമുട്ടുള്ളതായി അറിയിച്ചിട്ടുണ്ടെന്ന്‌ ഹർജിക്കാരിൽ ഒരാളായ ഷാജി പറഞ്ഞു. എന്നാൽ, അതിനെ ദേശീയപാത അതോറിറ്റി എതിർത്തു. കരട്‌ റിപ്പോർട്ട്‌ ആയി. വീണ്ടുമൊരു സ്ഥലപരിശോധനയും മറ്റും ആവശ്യമാണ്‌. വൈകാതെ കോടതിയിൽ റിപ്പോർട്ട്‌ സമർപ്പിക്കുമെന്നാണ്‌ അതോറിറ്റി അറിയിച്ചത്‌.