ആലപ്പുഴ: കേന്ദ്ര-ഇലക്‌ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയത്തിനുകീഴിലുള്ള ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ (കോമൺസർവീസ് സെന്ററുകൾ)വഴി ഇനി വൈദ്യുതവാഹനങ്ങൾ വാങ്ങാം. ഇന്ധനവില കുതിച്ചുയരുമ്പോൾ ഇ-വാഹനങ്ങൾക്ക് ആവശ്യക്കാരേറുമെന്നതു കണക്കിലെടുത്താണു ഗ്രാമങ്ങളിലുൾപ്പെടെ ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ ഡീലർഷിപ്പ് തുടങ്ങുന്നത്.

കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിൽ ഡിജിറ്റൽ സേവാകേന്ദ്രങ്ങൾ ഡീലർഷിപ്പ് എടുത്തിട്ടുണ്ട്. തൃശ്ശൂരിലും ഡീലർഷിപ്പിനു ധാരണയായി. മറ്റു ജില്ലകളിലും നടപടി പുരോഗമിക്കുകയാണ്. ഇരുചക്ര-മുച്ചക്ര വാഹനങ്ങളാണ് ആദ്യമുണ്ടാവുക. രണ്ടാംഘട്ടത്തിൽ കാറുകളും വിൽക്കും. നിലവിൽ ഹീറോ, മഹീന്ദ്ര, അവിയോ, കൈനറ്റിക് എന്നിവയുടെ വൈദ്യുതവാഹനങ്ങളാണു വിൽക്കുക. കൂടുതൽ കമ്പനികളുടേത് അടുത്തഘട്ടത്തിലെത്തും. മറ്റുഡീലർമാർ നൽകുന്നതിനെക്കാൾ വിലക്കുറവു നൽകി വിപണി പിടിക്കുകയാണു ഡിജിറ്റൽ സേവാ കേന്ദ്രങ്ങളുടെ ലക്ഷ്യം.

സംസ്ഥാനത്ത്‌ നാലായിരത്തോളം ഡിജിറ്റൽ സേവാകേന്ദ്രങ്ങളുണ്ട്. 20 കിലോമീറ്റർ ചുറ്റളവിൽ ഒരു ഡീലർഷിപ്പേ അനുവദിക്കൂ.

ഡിജിറ്റൽ സേവനങ്ങളെക്കുറിച്ചു സാധാരണക്കാരെ അറിവുള്ളവരാക്കുന്നതിനും എളുപ്പത്തിൽ സേവനം ലഭ്യമാക്കാനും ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായാണു സേവാകേന്ദ്രങ്ങൾ തുടങ്ങിയത്.

കാർഷികോപകരണങ്ങൾ വാടകയ്ക്കുനൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി സേവാകേന്ദ്രങ്ങൾ ഉടൻ അപേക്ഷ ക്ഷണിക്കും. കാർഷികോപകരണങ്ങൾ വാങ്ങാൻ കഴിയാത്ത ചെറുകിട-ഇടത്തരം കർഷകരെ സഹായിക്കാനാണിത്.