ആലപ്പുഴ: കേരള ഭാഗ്യക്കുറിയുടെ ഓൺലൈൻ വിൽപ്പനയിലൂടെ ഒട്ടേറെപ്പേർ തട്ടിപ്പിനിരയായെങ്കിലും ഇതുവരെ വകുപ്പിനു പരാതിനൽകിയത് എട്ടുപേർമാത്രം. തട്ടിപ്പ് വ്യാപകമാകുന്നതിനാൽ ക്രമക്കേടുനടത്തുന്ന ഏജൻസികളുടെ രജിസ്ട്രേഷൻ റാദ്ദാക്കുന്നതിനു ഭാഗ്യക്കുറിവകുപ്പ് ഉത്തരവിറക്കി.

വകുപ്പിൽ രജിസ്റ്റർചെയ്ത ഏജന്റുമാർ, ഇവരുടെ പരിധിയിലുള്ള ചെറുകിട വിൽപ്പനക്കാർ, സബ് ഏജന്റുമാർ, ലോട്ടറിവിൽപ്പനക്കാർ എന്നിവർ പേപ്പർടിക്കറ്റ് മാത്രമേ വിൽക്കാൻ പാടുള്ളൂ. വെബ്പോർട്ടൽ, വാട്സാപ്പ്, ടെലിഗ്രാം, ഫെയ്‌സ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ വിൽപ്പന പാടില്ല. ഇങ്ങനെ ശ്രദ്ധയിൽപ്പെട്ടാൽ ഏജന്റിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കും.

സമ്മാനമടിച്ചാൽ പിന്നെ സ്വിച്ച് ഓഫ്

പാറശ്ശാലയിലുള്ള ഒരാൾ തട്ടിപ്പിനിരയായതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരുസംഘത്തിന്റെ നമ്പരിലാണ് ഇയാൾ ബന്ധപ്പെട്ടത്. പണമടച്ചപ്പോൾ ഭാഗ്യക്കുറിയുടെ ചിത്രംലഭിച്ചു. ടിക്കറ്റിന് ആയിരംരൂപ സമ്മാനം അടിച്ചു. എന്നാൽ, നറുക്കെടുപ്പ് കഴിഞ്ഞപ്പോൾ സമ്മാനത്തുക ആവശ്യപ്പെട്ടു വിളച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയായിരുന്നു. പിന്നീടാണ് തട്ടിപ്പിനിരയായ വിവരം മനസ്സിലാക്കിയത്.

കൂടുതൽ വടക്കൻ ജില്ലകളിൽ

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട്, കണ്ണൂർ തുടങ്ങിയ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. ലോട്ടറിയുടെ വിലകൂട്ടിയും കുറച്ചും വിൽക്കുന്നതും നേരിട്ടല്ലാത്ത വിൽപ്പനയും നിയമവിരുദ്ധമാണ്. നിലവിൽ സംസ്ഥാന ലോട്ടറിവകുപ്പിനു ഓൺലൈൻ വിൽപ്പനയില്ല. അതിനാൽ ഇത്തരം സംഘങ്ങളുടെ വലയിൽവീഴാതെ ലോട്ടറി നേരിട്ടുവാങ്ങണമെന്ന നിർദേശമാണു വകുപ്പ് പൊതുജനങ്ങൾക്കു നൽകുന്നത്.

വിൽപ്പന ഇങ്ങനെ

ഏജൻസികളാണെന്ന് അവകാശപ്പെടുന്നവർ സാമൂഹികമാധ്യമങ്ങളിലൂടെ വിവരങ്ങൾ അറിയിക്കും. അതിലുള്ള നമ്പരുകളിലേക്ക് വിളിച്ചാൽ ടിക്കറ്റ്‌ അയക്കേണ്ട വിലാസം വാട്സാപ്പിലേക്ക് അയച്ചുനൽകാൻ ആവശ്യപ്പെടും. പണം യു.പി.ഐ. വഴിനൽകണം. 200 രൂപയുടെ ബമ്പർ ടിക്കറ്റിനാണെങ്കിൽ 100 രൂപ അധികം കൊടുക്കണം. സമ്മാനം അടിച്ചില്ലെങ്കിൽ ടിക്കറ്റുവില തിരികെനൽകുമെന്നു പറഞ്ഞാണ് ആളെവീഴ്ത്തുക. ടിക്കറ്റ് അയച്ചുനൽകുമെന്നു പറഞ്ഞാലും കൈയിൽ കിട്ടില്ല. ചിത്രം വാട്സാപ്പിലൂടെ നൽകും. നറുക്കെടുപ്പു കഴിഞ്ഞാൽ പിന്നെ ആ നമ്പരുകളിലേക്ക് വിളിച്ചാലും കിട്ടില്ല. സമ്മാനമടിച്ചാലും ടിക്കറ്റ് കൈയിലില്ലാത്തതിനാൽ ഒന്നുംചെയ്യാൻ കഴിയില്ല.