മലപ്പുറം: ദേശഭക്തി തുളുമ്പുന്ന താരാട്ടുപാട്ടോ പദ്യമോ എഴുതാമോ? മികച്ച കൃതിക്ക് സമ്മാനമായി ദേശീയവേദിയിൽ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. എൻട്രി അയയ്ക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റും ലഭിക്കും.

കേന്ദ്ര സാംസ്കാരികവകുപ്പ് നടപ്പാക്കുന്ന ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെ ഭാഗമായാണ് ഇത്തരമൊരു മത്സരം. പ്രധാനമന്ത്രിയുടെ അഭ്യർഥനയുടെ രൂപത്തിലാണ് മത്സരത്തിന് എൻട്രികൾ ക്ഷണിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തെ വീരനായകന്മാരുടെ പ്രചോദിത കഥകളെ അടിസ്ഥാനമാക്കിയാവണം കൃതികൾ. ഭാരതത്തിന്റെ സാംസ്കാരികപാരമ്പര്യം തുടിക്കുന്ന മറ്റു വിഷയങ്ങളുമാവാം. പ്രായപരിധിയില്ല.

അതോടൊപ്പം ദേശഭക്തിഗാനരചനാ മത്സരവും നടത്തുന്നുണ്ട്. 16-നും 45 നും ഇടയിൽ പ്രായമുള്ള ആർക്കും പങ്കെടുക്കാം. നേരത്തേ തപാൽവകുപ്പുമായി ചേർന്ന് പോസ്റ്റ് കാർഡ് കാമ്പയിൻ നടത്തിയിരുന്നു. മത്സരത്തിന്റെ വിശദാംശങ്ങൾക്കായി amritmahotsav.nic.in സന്ദർശിക്കാം.