കരിവെള്ളൂർ: മികച്ച ശിശുസൗഹൃദപഞ്ചായത്തിനുള്ള ദേശീയ അവാർഡ് കരിവെള്ളൂർ-പെരളം പഞ്ചായത്തിന്. രാജ്യത്തെ മുഴുവൻ പഞ്ചായത്തുകളിലെയും 2019-20 വർഷത്തെ ശിശുസൗഹൃദപ്രവർത്തനങ്ങൾ വിലയിരുത്തിയാണ് കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം അവാർഡ് പ്രഖ്യാപിച്ചത്. അസമിലെ തലാപ്, തമിഴ്നാട്ടിലെ കരുങ്കലകുടി, പശ്ചിമബംഗാളിലെ സിതാഹതി എന്നീ പഞ്ചായത്തുകൾക്കും പുരസ്കാരം ലഭിച്ചു.

മുഴുവൻ കുട്ടികളെയും അങ്കണവാടികളിലും സ്കൂളുകളിലുമെത്തിക്കുകയും കൊഴിഞ്ഞുപോക്കില്ലാതെ അധ്യയനവർഷം പൂർത്തിയാക്കുകയും ചെയ്തതിനാണ് പുരസ്കാരം. അങ്കണവാടി വെൽഫെയർസമിതി, സ്കൂൾ അധ്യാപക-രക്ഷാകർതൃ സമിതി, പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ ഏറ്റെടുത്തുനടത്തിയ പ്രവർത്തനങ്ങളും പരിഗണിച്ചു. പൊതുവിദ്യാലയങ്ങളിലുണ്ടായ കുട്ടികളുടെ വർധന, അധ്യാപകരുടെ ഒഴിവില്ലാതെ അധ്യാപനദിവസങ്ങൾ പൂർത്തിയാക്കിയത്, പാഠ്യ, പാഠ്യേതരപരിപാടികളുടെ മികവ് എന്നിവയും പ്രധാന മാനദണ്ഡങ്ങളാണ്.

മതിരക്കോട് സ്ഥാപിച്ച കുട്ടികളുടെ ആരോഗ്യപാർക്ക്, കുട്ടികളുടെ അറിവും നൈപുണ്യവും പൊതുജനങ്ങളുടെ മുൻപാകെ അവതരിപ്പിച്ച പഠനോത്സവങ്ങൾ, അങ്കണവാടി, സ്കൂൾ പോഷകാഹാരപരിപാടികൾ, സ്കൂളുകളിൽ സ്ഥാപിച്ച ജൈവ വൈവിധ്യപാർക്കുകൾ, ശുചിത്വ, പശ്ചാത്തലസൗകര്യങ്ങൾ, ബഡ്സ് സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും അമ്മമാർക്കും വേണ്ടി നടപ്പാക്കിയ ‘പ്രത്യാശ’ സ്വയം തൊഴിൽപദ്ധതി, കണക്ക്, സയൻസ് തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ ശില്പശാലകൾ, ഗ്രാമീണ ജനജീവിതം അറിയുന്നതിനുള്ള ചെറുയാത്രകൾ, നീന്തൽ, ഫുട്ബോൾ പരിശീലനം, കുടുംബശ്രീ നടത്തിയ കുട്ടികൾക്കായുള്ള ‘സ്റ്റാമിന’ തുടങ്ങിയ പരിപാടികളും പുരസ്കാരത്തിനായി പരിഗണിച്ചു.