എടപ്പാൾ: വ്യാജവോട്ട് അവസാനിപ്പിക്കാൻ വോട്ടർപട്ടിക ശുദ്ധീകരിക്കുമ്പോൾ പ്രവാസി വോട്ടർ വിഭാഗത്തിലേക്ക് മാറ്റേണ്ടിവരിക 25 ലക്ഷത്തോളം പ്രവാസികളെ. വിദേശത്ത് ജീവിക്കുമ്പോഴും ഇപ്പോൾ ഇവരെല്ലാം സാധാരണ വോട്ടർപട്ടികയിലാണുള്ളത്.

ഒരാൾ ജോലി തേടിയോ മറ്റോ വിദേശത്തേക്ക് പോയാലുടൻ അയാളെ വോട്ടർപട്ടികയിൽനിന്ന് പ്രവാസി വോട്ടറുടെ നിരയിലേക്ക് മാറ്റണം. ഇതിനുള്ള അപേക്ഷ ബി.എൽ.ഒ.മാർ മുഖേന നൽകിയാൽ അതുപരിശോധിച്ച് അപ്പോൾത്തന്നെ ഒഴിവാക്കാവുന്നതേയുള്ളൂ. പക്ഷേ, അത് നടക്കുന്നില്ല. പല പ്രവാസികൾക്കും അതിന് താത്പര്യവുമില്ല. വോട്ടർപട്ടികയിൽ പ്രവാസിയുടെ പേര്‌ സ്ഥിരമായി ഉണ്ടാവുമ്പോൾ കള്ളവോട്ടു ചെയ്യാനുള്ള സാധ്യതയേറും.

വിദേശത്തുപോയവരെ വോട്ടർപട്ടികയിൽ നിന്ന് പ്രവാസി വോട്ടർമാരുടെ നിലയിലേക്ക് മാറ്റാൻ ഫോറം ആറ്്‌ എയിൽ പുതിയ അപേക്ഷ നൽകണം. അവരെ പട്ടികയിൽ മറ്റൊരിടത്താണ് ചേർക്കുക. ഇവർ വോട്ടു ചെയ്യാൻവരുമ്പോൾ പാസ്‌പോർട്ട് നിർബന്ധമായും കാണിക്കുകയും വേണം. അതു ചെയ്യാത്തിടത്തോളം അവരുടെ പേര്‌ നാട്ടിലുള്ളവരുടെ പട്ടികയിലാണുണ്ടാവുക. അപ്പോൾ ഏതെങ്കിലും ഐ.ഡി.കാർഡ് കാണിച്ച് അവരുടെ പേരിൽ മറ്റാർക്കെങ്കിലും വോട്ടു ചെയ്യാം. ഇത്തരം സംഭവങ്ങൾ നിരന്തരം നടക്കാറുമുണ്ട്. വോട്ടർപട്ടികയിൽനിന്ന് നിർബന്ധമായും ഒഴിവാക്കേണ്ടവരെ ഒഴിവാക്കാൻ തയ്യാറാകാത്തതാണ് ഇരട്ടവോട്ടുകൾ വർധിക്കാൻ കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ അഭിപ്രായം. ഒഴിവാക്കാൻ ശ്രമിച്ചാലും രാഷ്ട്രീയപാർട്ടികളുടെ സമ്മർദ്ദം മൂലമാണ് ഇത് നടപ്പാവാത്തത്. മരിച്ചവരും താമസം മാറിയവരും വിവാഹം കഴിഞ്ഞുപോയവരേയും വോട്ടർപട്ടികയിൽനിന്ന് മാറ്റുന്നതുപോലെ ഗൗരവമുള്ളതാണ് പ്രവാസികളെ പ്രവാസിവോട്ടർ പട്ടികയിലേക്ക് മാറ്റുന്നതെന്ന് റവന്യു ഉദ്യോഗസ്ഥർ പറയുന്നു.