കോട്ടയം: നാലുവർഷത്തിനിടെ ആദ്യമായി പ്രധാൻമന്ത്രി മുദ്രയോജന വായ്പാ പദ്ധതിയിൽ ഗുണഭോക്താക്കളുടെ എണ്ണത്തിലും വായ്പത്തുകയിലും കുറവ്. വ്യക്തികൾക്കും ചെറുകിടസംരംഭകർക്കും വരുമാനവർധനയ്ക്കായി 50,000 രൂപ മുതൽ പത്തുലക്ഷം രൂപവരെ ബാങ്കുകൾ വായ്പ നൽകുന്നതാണ് പദ്ധതി. 2020-21 സാമ്പത്തികവർഷം 4.33 കോടി ഗുണഭോക്താക്കളാണ് വായ്പയെടുത്തത്. 2.65 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്.

2019-20ൽ പദ്ധതിയിൽ 6.22 കോടി ഗുണഭോക്താക്കളുണ്ടായിരുന്നു. ഇവർക്കായി 3.37 ലക്ഷം കോടി രൂപ വായ്പ നൽകി. മുൻവർഷത്തേതിൽനിന്ന് 1.88 കോടി ഗുണഭോക്താക്കളുടെ കുറവ്. വായ്പത്തുകയിലാകട്ടെ 0.73 ലക്ഷം കോടി രൂപയുടെ വ്യത്യാസം. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയാണിതിന് കാരണമെന്നാണ് വിലയിരുത്തൽ.

ആറുവർഷത്തിനിടെ 28.68 കോടി ഗുണഭോക്താക്കൾ

2015 ഏപ്രിൽ എട്ടിന് തുടങ്ങിയ പദ്ധതിയിൽ ഇതുവരെ 28.68 കോടി വായ്പയാണ് അനുവദിച്ചത്. ആകെ 14.96 ലക്ഷം കോടി രൂപ വായ്പയായി വിതരണം ചെയ്തു. രാജ്യത്ത് 1.12 കോടി പുതിയ തൊഴിലവസരങ്ങൾ മുദ്രപദ്ധതിയിലൂടെ സൃഷ്ടിച്ചതായാണ് കേന്ദ്രതൊഴിൽ മന്ത്രാലയത്തിന്റെ കണക്ക്. ഇതിൽ 69 ലക്ഷം പേർ വനിതകളാണ്. ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകൾ, റീജണൽ റൂറൽ ബാങ്കുകൾ, മൈക്രോ ഫിനാൻസുകൾ, നോൺബാങ്കിങ് സ്വകാര്യസ്ഥാപനങ്ങൾ എന്നിവയെല്ലാം വായ്പ അനുവദിക്കുന്നുണ്ട്. മൂന്നുവിഭാഗങ്ങളയാണ് വായ്പാ പദ്ധതി-ശിശു (50,000 രൂപവരെ), കിഷോർ (50,000 മുതൽ അഞ്ചുലക്ഷം വരെ), തരുൺ (അഞ്ചുലക്ഷം മുതൽ 10 ലക്ഷം വരെ) എന്നിങ്ങനെ. 2020-21ൽ അനുവദിച്ച വായ്പകളിൽ 88 ശതമാനവും ശിശുവിഭാഗത്തിലാണ്.