കാളികാവ്: സംസ്ഥാനത്തിെന്റ സൽക്കാരത്തിൽ അതിഥിത്തൊഴിലാളികൾ സംതൃപ്തരാണ്. നാട്ടുകാർ പ്രയാസപ്പെട്ടാലും അതിഥികൾ പട്ടിണികിടക്കരുതെന്ന നയം കേരളത്തിന്റെ പ്രത്യേകതയാണെന്ന് ഇതരസംസ്ഥാന തൊഴിലാളികൾ തുറന്നുസമ്മതിക്കുന്നു. രോഗവും ലോക്ക്‌ഡൗണും തങ്ങളുടെ നാട്ടിലുമുണ്ടെങ്കിലും ഭക്ഷണസാധനങ്ങൾ സൗജന്യമായി നൽകുന്ന രീതിയില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. അയൽ സംസ്ഥാനമായ തമിഴ്നാട്ടിലും പുറമെനിന്നുള്ള സഹായം ഇല്ലെന്നുതന്നെ പറയാമെന്നാണ് തൊഴിലാളികൾ പറയുന്നത്.

ജോലി മുടങ്ങിയതിനെത്തുടർന്ന് വീടുകളിലേക്ക് പണമയയ്ക്കാൻ കഴിയുന്നില്ല എന്നതൊഴിച്ചാൽ വാടക, ഭക്ഷണം തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായിട്ടുണ്ട് -അസമിൽനിന്നുള്ള തൊഴിലാളികളായ മുജീബ്‌റഹ്‌മാൻ, റകീബുൽ അലീം, അക്ബർ അലീം എന്നിവർ പറഞ്ഞു. ഗ്രാനൈറ്റ്, മാർബിൾ ജോലിക്കെത്തിയ രാജസ്ഥാൻ തൊഴിലാളികളും നിർമാണമേഖലയിലുള്ള പശ്ചിമബംഗാൾ, ബിഹാർ, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികളും കേരളത്തിലെ അതിഥിസൽക്കാരത്തിൽ സന്തോഷം പ്രകടിപ്പിച്ചു. തമിഴ്നാട്ടിൽനിന്നെത്തിയ തേൻ തൊഴിലാളികൾക്കുപോലും കമ്യൂണിറ്റി കിച്ചണിൽനിന്നുള്ള ഭക്ഷണവും മറ്റു സാഹായങ്ങളും നൽകുന്നുണ്ട്.

കേരളത്തിൽ കുടുങ്ങി എന്നതരത്തിലുള്ള പ്രചാരണം ശരിയല്ലെന്ന് കൊൽക്കത്തയിൽനിന്നുള്ള നസീബുൽ അലീം പറഞ്ഞു. തൊഴിലാളികൾ ചിലയിടത്ത് തെരുവിലിറങ്ങിയത് അവരുടെ ഇഷ്ടപ്രകാരമാകില്ല എന്നാണ് അസമിൽനിന്നും ബംഗാളിൽനിന്നുമുള്ള തൊഴിലാളികൾക്ക് പറയാനുള്ളത്. വർഷങ്ങളായി കുടുംബസമേതം താമസിക്കുന്നവർക്ക് റേഷനും ചികിത്സയുമടക്കം കേരളത്തിൽ സൗജന്യമായി ലഭിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള ആനുകൂല്യം പുറമെയുള്ളവർക്ക് പണം കൊടുത്താൽപോലും കൃത്യമായി ലഭിക്കാൻ പ്രയാസമാണെന്നും തൊഴിലാളികൾ പറഞ്ഞു.