മലപ്പുറം: കോവിഡ് പടർന്നുപിടിച്ച രാജ്യങ്ങളിൽ തൊഴിലെടുക്കുന്ന ഇന്ത്യക്കാർ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്നും അവരുടെ ദുരിതമകറ്റാൻ ഇന്ത്യൻ എംബസികൾ സജീവമായി ഇടപെടണമന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ആവശ്യപ്പെട്ടു. ഭക്ഷണവും പാർപ്പിടവും അടക്കമുള്ള അടിയന്തര സഹായമുറപ്പാക്കാനായി ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് (ഐ.സി.ഡബ്ല്യ.എഫ്.) ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങളുന്നയിച്ച് മുസ്‌ലിംലീഗ് എം.പിമാർ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ മന്ത്രി ആവശ്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് ഉറപ്പുനൽകി. ഐ.സി.ഡബ്ല്യു.എഫ്. ഫണ്ട് ഉപയോഗിക്കുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി എം.പിയെ അറിയിച്ചു. റിയാദ് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, അബുദാബി ഇന്ത്യൻ അംബാസഡർ പവൻകുമാർ, ദുബായ് ഇന്ത്യൻ സ്ഥാനപതി പിപുൽ എന്നിവർക്കും എം.പി. ആവശ്യങ്ങളുന്നയിച്ച് കത്തയച്ചു.

ഗൾഫ് രാജ്യങ്ങളിൽ അവിദഗ്ധ തൊഴിലാളികളായി ജോലിയെടുക്കുന്നവരിൽ ഏറെയും മലയാളികളാണെന്ന് കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. ദൈനംദിന ആവശ്യങ്ങൾപോലും നടക്കാതെ ബുദ്ധിമുട്ടുകയാണവർ. പ്രത്യേകിച്ച് യു.എ.ഇ, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. സന്നദ്ധസംഘടനകളുമായിച്ചേർന്ന് പ്രവാസികൾക്ക് സഹായമുറപ്പാക്കാൻ എംബസികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.