മലപ്പുറം: വിഷുവിന് കണിവെക്കാനായി ഒരുക്കിയ വെള്ളരി ഇക്കുറി കടലും കരയും കടക്കുന്നില്ല. കൊറോണയും ലോക്ക്ഡൗണുമാണ് കർഷകരുടെ സ്വപ്നങ്ങളിൽ കണ്ണീർ വീഴ്‌ത്തിയത്. മാസങ്ങളുടെ അധ്വാനത്തിനുശേഷം വിളവെടുപ്പ് തുടങ്ങിയെങ്കിലും വിപണനം നടക്കുന്നില്ല.
സാധാരണ പ്രവാസി മലയാളികളുടെ വിഷു ആഘോഷത്തിനായി മലപ്പുറത്തുനിന്ന് ടൺകണക്കിന് വെള്ളരിയാണ് കോഴിക്കോട് വിമാനത്താവളംവഴി വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. മറ്റു ജില്ലകളിലേക്കുള്ള പോക്കും തുടങ്ങിയിട്ടില്ല. വെള്ളരി മൊത്തമായി വാങ്ങുന്ന ഇടനിലക്കാർ ഇതുവരെ സമീപിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു. വിഷു ആഘോഷംതന്നെ ഇക്കുറി എങ്ങനെയാകുമെന്ന് അറിയാത്തതിനാൽ വെള്ളരി വിറ്റുപോകുമോ എന്നാണ് ഇടനിലക്കാരുടെ ആശങ്ക. കടകളിൽനിന്ന് വേണ്ടത്ര ഓർഡർ കിട്ടുന്നുമില്ല.
വിളവ് കുറഞ്ഞതിനൊപ്പം വിപണനംകൂടി തടസ്സപ്പെട്ടത് കർഷകർക്ക് ഇരട്ടപ്രഹരമായി. കനത്തചൂടും വേനൽമഴ കിട്ടാത്തതുമാണ് ഇത്തവണ വിളവ് കുറയാൻ കാരണം. കഴിഞ്ഞവർഷം 160 ടൺവരെ വിളവുണ്ടായിരുന്ന കുറുവ കരകരിഞ്ചാപ്പാടിയിൽ ഇക്കുറി 80 ടണ്ണായി കുറഞ്ഞെന്ന് കർഷകൻ അമീർബാബു പറയുന്നു. കരകരിഞ്ചാപ്പാടി ക്ലസ്റ്റർ 25 ഏക്കറിലാണ് കൃഷിചെയ്തത്. തൃശ്ശൂർ, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്നുള്ള വെള്ളരി പ്രധാനമായും പോയിരുന്നത്. ഇത്തവണ ജില്ലയ്ക്ക് പുറത്തേക്ക് കാര്യമായ ഓർഡർ കിട്ടിയിട്ടില്ല.
വാഴക്കാട് പഞ്ചായത്തിലെ അരുണിമ ക്ലസ്റ്റർ 15 ഏക്കറിൽ കൃഷിയിറക്കിയിരുന്നു. 15 ടൺ വിളവെടുത്തെങ്കിലും വാങ്ങാൻ ആളില്ല. ഇവിടെനിന്നുള്ള കണിവെള്ളരി പ്രധാനമായും ഗൾഫ് നാടുകളിലേക്കാണ് കയറ്റി അയച്ചിരുന്നത്. വിമാനങ്ങളില്ലാത്തതിനാൽ ഇത്തവണ ഏജന്റുമാർ എത്തിയിട്ടില്ലെന്ന് കർഷകൻ സലീം മപ്രം പറഞ്ഞു. 40 രൂപ കിട്ടിയിരുന്ന കണിവെള്ളരിക്ക് വില പറയാൻപോലും ആരുമെത്തുന്നില്ല. ഏക്കറിന് 25,000 രൂപ വരെ ചെലവഴിച്ചായിരുന്നു കൃഷി. ഇതിനുപുറമെ ജലസേചനം, പാട്ടഭൂമി എന്നിവയുടെ ചെലവുമുണ്ട്.