തൃശ്ശൂർ: രാജ്യത്തെ കടുവാസങ്കേതങ്ങൾ ഉൾപ്പെടെയുള്ള വന്യജീവിസങ്കേതങ്ങൾ അനിശ്ചിതകാലത്തേക്ക് പൂർണമായി അടച്ചിട്ടേക്കും. ദേശീയ കടുവാസംരക്ഷണ അതോറിറ്റിയും വനം മന്ത്രാലയവും ഇതേക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നു. ഉടൻ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. ന്യൂയോർക്കിലെ മൃഗശാലയിലെ കടുവയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതും മധ്യപ്രദേശിലെ പെഞ്ച്് കടുവാസങ്കേതത്തിൽ ഒരു കടുവയുടെ മരണത്തിലുയർന്ന സംശയവുമാണ് ഇതിലേക്ക് നയിക്കുന്നത്. ലോക്ഡൗണിൽ അയവ് വന്നാലും കോവിഡ് ഭീതിയൊഴിയാതെ കടുവാസങ്കേതങ്ങൾ തുറന്നേക്കില്ല.

അതീവജാഗ്രത വേണമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് വൈൽഡ്‌ ലൈഫ് വാർഡൻമാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. മനുഷ്യരിൽനിന്ന് മൃഗങ്ങളിലേക്ക് കോവിഡ് പകരുന്നത് തടയണമെന്നാണ് നിർദേശം. കടുവാസങ്കേതങ്ങൾ, വന്യജീവിസങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവിടങ്ങളിലെ മേധാവികൾക്കാണ് വനം മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.

സങ്കേതങ്ങളിലൂടെയുള്ള ജനങ്ങളുടെ സഞ്ചാരം തടയണമെന്ന് പ്രത്യേക നിർദേശവുമുണ്ട്. മനുഷ്യസാമീപ്യം കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്, പ്രത്യേകിച്ച് കടുവാസങ്കേതങ്ങളിൽ. ഇതിന്റെ ചുവടുപിടിച്ച് സങ്കേതങ്ങൾക്കുള്ളിലൂടെയുള്ള യാത്രാവഴികളും അടച്ചിടാനാണ് ആലോചന. ഇക്കാര്യത്തിൽ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയാണ് തീരുമാനമെടുക്കേണ്ടത്. നിലവിൽ എല്ലാ സങ്കേതങ്ങളിലും വിനോദസഞ്ചാരമുൾപ്പെടെ നിർത്തിവെച്ചിരിക്കുകയാണ്. മൃഗങ്ങളിലേക്ക് കോവിഡ് പകർന്നാൽ അതിവേഗം പടരാനും വൻതോതിൽ മൃഗങ്ങൾ ചത്തൊടുങ്ങാനും സാധ്യതയുണ്ട്. മനുഷ്യരിൽ ചെയ്യുന്നതുപോലുള്ള നിയന്ത്രണങ്ങൾ മൃഗങ്ങളിൽ സാധ്യവുമല്ല.

പെഞ്ചിൽ സംഭവിച്ചത്

പെഞ്ച് കടുവാസങ്കേതത്തിൽ ശ്വാസകോശസംബന്ധമായ അസുഖം മൂലമാണ് കഴിഞ്ഞ ശനിയാഴ്ച പത്തുവയസ്സായ ആൺകടുവ ചത്തത്. ശ്വാസകോശസംബന്ധമായ പ്രശ്നമാണ് കടുവയുടെ മരണകാരണമെന്ന് പ്രാഥമിക നിഗമനം വന്നിരുന്നു. ഇതോടെ കടുവയുടെ പോസ്റ്റ്‌േമാർട്ടം നടത്തിയവരെയും ജഡം കൈകാര്യം ചെയ്തവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ കടുവയുടെ സാമ്പിളുകൾ പരിശോധിച്ചതിൽനിന്ന്‌ കോവിഡ് അല്ല മരണകാരണമെന്ന് തെളിഞ്ഞിട്ടുണ്ട്. എങ്കിലും അധികൃതർ സംഭവത്തെ ഗൗരവപൂർവമാണ് എടുത്തിരിക്കുന്നത്.