കൊച്ചി: ഐ.എസ്.ആർ.ഒ. ചാരക്കേസ് കെട്ടിച്ചമയ്ക്കാൻ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ. കേസിലെ 17-ാം പ്രതി മുൻ ഐ.ബി. ഉദ്യോഗസ്ഥൻ വി.കെ. മൈനിക്ക് ഹൈക്കോടതി ഒക്ടോബർ ആറുവരെ ഇടക്കാല മുൻകൂർജാമ്യം അനുവദിച്ചു. ജസ്റ്റിസ് വി. ഷെർസിയാണ് അനുവദിച്ചത്. ജാമ്യാപേക്ഷ ഒക്ടോബർ ആറിന് വീണ്ടും പരിഗണിക്കും.

ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണൻ ഉൾപ്പെടെയുള്ളവരെ ചാരക്കേസിൽ പ്രതിയാക്കിയതിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കാൻ സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന് സി.ബി.ഐ. രജിസ്റ്റർചെയ്ത കേസാണിത്. കേസിൽ ഒന്നും രണ്ടും പ്രതികളായ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, ഏഴാം പ്രതി മുൻ ഐ.ബി. ഡെപ്യൂട്ടി ഡയറക്ടർ ആർ.ബി. ശ്രീകുമാർ, 11-ാം പ്രതി മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഒാഫീസർ പി.എസ്. ജയപ്രകാശ് എന്നിവർക്ക് ഹൈക്കോടതി നേരത്തേ മുൻകൂർജാമ്യം നൽകിയിരുന്നു.