കൊച്ചി: തരിശുണ്ടെങ്കിൽ കറന്റിൽ കാശുണ്ടാക്കാം. തരിശുഭൂമിയിൽ സൗരോർജ വൈദ്യുതോത്പാദനം ലക്ഷ്യമിട്ടുള്ള കേന്ദ്രത്തിന്റെ ‘കുസും’ പദ്ധതി ലക്ഷ്യമിടുന്നത് ഇതാണ്. ഭൂവുടമകൾക്ക് വൈദ്യുതി ഉത്പാദനത്തിലൂടെ വരുമാനം നേടാവുന്ന ഈ പദ്ധതിക്കായി സംസ്ഥാനത്തെ 225 ഏക്കർ തരിശുഭൂമിയാണ് ആവശ്യം. ഇതിലൂടെ 40 മെഗാവാട്ട് സൗരോർജ വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.

കേരളത്തിൽ ‘പി.എം. കുസും’ എന്ന പദ്ധതി നടപ്പാക്കുന്ന ഏജൻസി കെ.എസ്.ഇ.ബിയാണ്. പാനലുകൾ തരിശുഭൂമിയിൽ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ചു നൽകുന്നവർക്ക് യൂണിറ്റിന് 3.50 രൂപ നൽകും. ഭൂവുടമകൾ ഇതിനായി കെ.എസ്.ഇ.ബിയുമായി 25 വർഷത്തെ കരാറിൽ ഏർപ്പെടണം. ഒരു മെഗാവാട്ട് സൗരോർജം ഉത്പാദിപ്പിക്കുന്നതിന് നാല് ഏക്കർ വേണമെന്നാണ് കണക്ക്. ഒരുമെഗാവാട്ട് സ്ഥാപിതശേഷിയിൽനിന്ന്‌ ഒരുദിവസം നാലായിരം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. അതായത് ഒരു ദിവസം 14,000 രൂപവരെ നേടാം. ഒരു വർഷം 14.6 ലക്ഷം യൂണിറ്റ് വൈദ്യുതിവരെ ഉത്പാദിപ്പിക്കാനാകും. ഒരു വ്യക്തിക്ക് പരമാവധി രണ്ടു മെഗാവാട്ട് ഉത്പാദിപ്പിക്കാനേ അനുമതിയുള്ളൂ.

ഒരു മെഗാവാട്ട് ഉത്പാദനശേഷിക്കുള്ള പാനലുകൾ സ്ഥാപിക്കാൻ ആറു കോടിരൂപ ചെലവിടേണ്ടിവരും. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ താത്പര്യമില്ലാത്തവർക്ക് ഭൂമി കെ.എസ്.ഇ.ബി.ക്ക് വാടകയ്ക്ക് നൽകാം. വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി കെ.എസ്.ഇ.ബി.തന്നെ ഏജൻസികളെയോ കമ്പനികളെയോ ചുമതലപ്പെടുത്തും. വൈദ്യുതിക്ക് യൂണിറ്റിന് 3.40 രൂപയും ഭൂവുടമയ്ക്ക് വാടകയിനത്തിൽ യൂണിറ്റിന് 10 പൈസയും നൽകും.