കോയമ്പത്തൂർ: പുനരന്വേഷണം നടക്കുന്ന കോടനാട് എസ്റ്റേറ്റിലെ കവർച്ച-കൊലപാതക കേസിൽ കൂടുതൽ അന്വേഷണത്തിനായി അന്വേഷണസംഘങ്ങൾ കേരളത്തിലേക്കും സേലത്തേക്കും പുറപ്പെട്ടു. 2017 ഏപ്രിൽ 23-ന് നടന്ന കുറ്റകൃത്യങ്ങൾക്കുശേഷം ആരോപണവിധേയർ ഗൂഡല്ലൂർവഴി കേരളത്തിലേക്ക് രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്. സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ ഇവരെ രക്ഷപ്പെടുത്താന്‍ ചിലർ ഇടപെട്ടതായി വിവരം ലഭിച്ചിരുന്നു. ഇത് അന്വേഷിച്ചാണ് ഒരുസംഘം പുറപ്പെട്ടത്. നാലാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കണമെന്ന നിർദേശമുള്ളതിനാൽ അഞ്ച് പ്രത്യേക അന്വേഷണസംഘങ്ങളും കേസുമായി ബന്ധമുള്ളവരെ കണ്ടെത്തി ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ്.

കേസിലെ പത്താംപ്രതി ജിതിൻജോയുടെ ബന്ധുവും പ്രോസിക്യൂഷൻ സാക്ഷിയുമായ ഷാജു, സുഹൃത്ത് ഗൂഡല്ലൂർ സ്വദേശി അനീഷ് എന്നിവരെ നീലഗിരി എസ്.പി.യുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂറോളം ചോദ്യംചെയ്തു. ചെക്പോസ്റ്റിൽ പോലീസ് പിടികൂടിയ വാഹനം വിട്ടയയ്ക്കാൻ ഇടപെട്ടവരെക്കുറിച്ചാണ് കൂടുതൽ ചോദ്യങ്ങൾ.

ഗൂഡല്ലൂരിൽനിന്ന്‌ രക്ഷപ്പെടാനായി വാഹനംനൽകിയ നൗഷാദ്, നൗഫൽ, മുസ്താഖ് എന്നിവരെയും പ്രോസിക്യൂഷൻ സാക്ഷികളായി ചേർക്കും. വാഹനങ്ങൾ മാറിമാറി സഞ്ചരിക്കാൻ ഏർപ്പാടാക്കിയവരെക്കുറിച്ചും ചോദ്യംചെയ്യുന്നതിനിടെ സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടുപോയവരെക്കുറിച്ചും അന്വേഷണം മുറുകുന്നുണ്ട്. വിവാദ വ്യവസായിയുടെ സഹോദരൻ സ്റ്റേഷനിലെത്തി ഇറക്കിക്കൊണ്ടുപോയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഉത്തരം കിട്ടാനുണ്ട്.

കുന്നൂർ സബ്ജയിലിലുള്ള മൂന്നാം പ്രതിയായ വാളയാർ മനോജിന് ജാമ്യം ലഭിച്ചിട്ടും ഇറക്കാൻ ആൾ എത്താത്തതിനാൽ ജയിലിലെത്തി വീണ്ടും ചോദ്യംചെയ്യും. ഇതുപോലെ ജാമ്യത്തിലിറങ്ങി കേരളത്തിലുള്ള മറ്റ് പ്രതികൾക്കും സമൻസയച്ച് വീണ്ടും ചോദ്യംചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. ചെക്‌പോസ്റ്റിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇൻസ്പെക്ടർ മീനാകുമാരി, സത്യൻ തുടങ്ങിയവരെയും നാലുമണിക്കൂറോളം വീണ്ടും ചോദ്യംചെയ്തു.

വൈദ്യുതിമുടക്കം ഒരിക്കലും സംഭവിക്കാനിടയില്ലാത്ത കോടനാട് എസ്റ്റേറ്റിൽ സംഭവസമയത്ത് വൈദ്യുതി മുടങ്ങിയതിനെക്കുറിച്ചും മറ്റൊരു അന്വേഷണസംഘം കോത്തഗിരി സബ് സ്റ്റേഷനിലെത്തി അന്വേഷിച്ചു. സബ് സ്റ്റേഷനില്‍നിന്ന് 19 കിലോമീറ്റർ ദൂരമുള്ള കോടനാട് എസ്റ്റേറ്റ് ബംഗ്ലാവ് വരെ ഭൂഗർഭ വൈദ്യുത കേബിളാണ്. പ്രത്യേക വൈദ്യുതി ടവറും സ്ഥാപിച്ചിട്ടുണ്ട്. സംഭവംനടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസംവരെ വൈദ്യുതി മുടങ്ങിയിട്ടില്ലെന്നതും അന്നുമാത്രം മുടങ്ങാൻ കാരണമെന്താണെന്നുമാണ് അന്വേഷണം.