മലപ്പുറം: കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ പരീക്ഷകൾപോലും മാറ്റിവെക്കുന്ന വേളയിൽ മുന്നൂറോളം അധ്യാപകരെ തെളിവെടുപ്പിനു കൂട്ടത്തോടെ വിളിച്ച് കാലിക്കറ്റ് സർവകലാശാല. 2017-19 കാലത്ത് മൂല്യനിർണയക്യാമ്പ് ബഹിഷ്‌കരിച്ചതിനും ഹാജരാകാത്തതിനുമുള്ള കാരണം നേരിട്ടെത്തി വിശദീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അറിയിപ്പുകിട്ടിയവരിൽ എട്ടുമാസം ഗർഭിണിയായ അധ്യാപികയുമുണ്ട്.

സർവകലാശാലാ പരീക്ഷാ സ്റ്റാൻഡിങ്‌കമ്മിറ്റിയാണ് തെളിവെടുപ്പിനു ഹാജരാകാൻ അധ്യാപകരോട് ആവശ്യപ്പെട്ടത്. ബുധനാഴ്‌ച രാവിലെ പത്തരമുതലാണ് സർവകലാശാലയിലെ ശാന്തിനികേതൻ സെമിനാർ ഹാളിൽ സിൻഡിക്കേറ്റ് ഉപസമിതി തെളിവെടുപ്പ്. ഹാജരാകാത്ത സ്വാശ്രയകോളേജിലെ പ്രിൻസിപ്പൽമാർ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്.

മുൻപ് മൂല്യനിർണയം നടത്തിയതിനു പ്രതിഫലം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് സ്വാശ്രയ കോളേജുകളിലെ അധ്യാപകർ 2019-ൽ ക്യാമ്പ് ബഹിഷ്‌കരിച്ചിരുന്നു. ഇവരും മുൻവർഷങ്ങളിൽ വിവിധ കാരണങ്ങളാൽ മൂല്യനിർണയക്യാമ്പിൽ പങ്കെടുക്കാത്തവരുമാണ് നേരിട്ടെത്തി വിശദീകരണം നൽകേണ്ടത്. ഇവരിൽ പലരും അതാതുകാലത്തെ ക്യാമ്പ് ചെയർപേഴ്സണ് വിശദീകരണം നൽകിയതുമാണ്.

ആരോഗ്യകാരണങ്ങളാൽ ആദ്യമായി ക്യാമ്പിൽ പങ്കെടുക്കാതിരുന്നവർക്കും തെളിവെടുപ്പിൽ പങ്കെടുക്കാൻ അറിയിപ്പുകിട്ടിയിട്ടുണ്ട്. സാധാരണ മൂല്യനിർണയക്യാമ്പിൽ പങ്കെടുക്കാത്തവരോട് ക്യാമ്പ് മേധാവികളാണ് വിശദീകരണം ചോദിക്കാറ്്‌. കിട്ടിയ വിശദീകരണം ആവശ്യമെങ്കിൽ അവർ സർവകലാശാലയ്ക്കു കൈമാറും. ഇത്തവണ മേധാവികളെ വിശ്വാസത്തിലെടുക്കാതെയാണ് സിൻഡിക്കേറ്റ് ഉപസമിതി അധ്യാപകരോടു നേരിട്ടെത്തി വിശദീകരിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വശ്രയ കോളേജുകളിലെയും മറ്റു എയ്ഡഡ്, സർക്കാർ കോളേജുകളിലെയും അധ്യപകർ നോട്ടീസ് കിട്ടിയവരിൽ ഉൾപ്പെടുന്നു.