കാളികാവ്: രാജ്യത്ത് പത്തുവർഷത്തിനിടെ മാവോവാദി ആക്രമണങ്ങൾ കുറഞ്ഞതായി കണക്കുകൾ. 10 വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടത് 3849 പേരാണ്. അതിനുമുന്നത്തെ പത്തുവർഷത്തിൽ 8250 പേർ കൊല്ലപ്പെട്ടു. 2011-14 കാലത്തെ അപേക്ഷിച്ച് 2014-17 കാലത്ത്‌ ആക്രമണങ്ങളിൽ 25 ശതമാനത്തോളം കുറവുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്ന സംഭവങ്ങൾ 42 ശതമാനത്തോളം കുറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ രണ്ടു ദശാബ്ദത്തിനിടയിൽ 12,100 പേർ മാവോവാദി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇതിൽ 2700 പേർ സുരക്ഷാസേനക്കാരും 9300 പേർ സാധാരണക്കാരുമാണ്. 2018-19 വർഷത്തെ റിപ്പോർട്ടുപ്രകാരം ഇടതു തീവ്രവാദപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ 88 ശതമാനം അക്രമസംഭവങ്ങൾക്കും മാവോവാദികളാണ് ഉത്തരവാദികൾ. കൂടുതൽ അക്രമസംഭവങ്ങൾ ഛത്തീസ്ഗഢിലാണ്. 1370 പേർ ഛത്തീസ്ഗഢിൽ മാത്രം മരിച്ചു.

അന്തസ്സംസ്ഥാന അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് സംഘടനാപ്രവർത്തനം വ്യാപിപ്പിക്കുകയാണ് മാവോവാദികളുടെ ലക്ഷ്യം. ഇതിനുതടയിടാൻ കേന്ദ്രസേനയടക്കം ശ്രമം തുടരുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

കേരളത്തിലെ മാവോവാദിപ്രവർത്തനം മറ്റു സംസ്ഥാനങ്ങളിലുള്ളതുപോലെ തീവ്രസ്വഭാവമുള്ളതല്ല. സംസ്ഥാനത്ത്‌ മാവോവാദിവിരുദ്ധ ദൗത്യത്തിൽ എട്ടുപേർ കൊല്ലപ്പെട്ടതും കേന്ദ്രകമ്മിറ്റി അംഗം രാജൻ ചിറ്റിലപ്പിള്ളി, കാളിദാസ്, ഡാനിഷ്, അയ്യപ്പൻ തുടങ്ങിയ പ്രമുഖർ പോലീസ് പിടിയിലായതും റിപ്പോർട്ടിലുണ്ട്. കേരളത്തിൽ എല്ലാത്തരത്തിലും സംഘടനയ്ക്കു തിരിച്ചടിയാണുണ്ടായതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇതു മാവോവാദി കേന്ദ്രനേതൃത്വവും സമ്മതിക്കുന്നുണ്ട്. തിരിച്ചടിക്കുപുറമെ സംസ്ഥാനത്തു സ്വാധീനമുണ്ടാക്കുന്നതിലും പരാജയപ്പെട്ടതായാണ് മാവോവാദികളുടെ വിലയിരുത്തലെന്നും കേന്ദ്ര റിപ്പോർട്ടിൽ പറയുന്നു.