കൊച്ചി: മാതൃഭൂമി ലേഖികയ്ക്ക് മോശം സന്ദേശം അയച്ച സംഭവത്തിൽ എൻ. പ്രശാന്തിനെതിരേ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തി ഐ.പി.സി. 509 പ്രകാരമാണ് പാലാരിവട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്‌സ് (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയിലാണ് നടപടി.

ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ‍(കെ.എസ്.ഐ.എൻ.സി) മാനേജിങ് ഡയറക്ടറായിരുന്ന എൻ. പ്രശാന്തിനോട് മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ വാട്സാപ്പിലൂടെ വിശദാംശം അന്വേഷിച്ചപ്പോൾ അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ സഹിതമുള്ള തരംതാഴ്ന്ന മറുപടി നൽകുകയായിരുന്നു. പിന്നീട് ഇതിൽ പല സന്ദേശങ്ങളും പ്രശാന്ത് ഡിലീറ്റ് ചെയ്തു. ഫെബ്രുവരി 22-നായിരുന്നു കേസിനാസ്പദമായ സംഭവം. വാർത്ത സംബന്ധമായ കാര്യത്തിന് പ്രശാന്തിന്റെ പ്രതികരണത്തിനായി ഫോണിൽ ശ്രമിച്ചപ്പോൾ കിട്ടാതായതോടെ ലേഖിക വാട്സാപ്പിൽ സന്ദേശമയക്കുകയായിരുന്നു.

സംഭവം വിവാദമായതിന് പിന്നാലെ പ്രശാന്തിനെ രക്ഷിക്കാൻ ഭാര്യ ലക്ഷ്മി പ്രശാന്ത് സാമൂഹികമാധ്യമത്തിലൂടെ രംഗത്തെത്തിയിരുന്നു. പ്രശാന്തല്ല, താനാണ് സന്ദേശങ്ങൾക്ക് മറുപടി അയച്ചതെന്നായിരുന്നു ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.