ഇരിട്ടി (കണ്ണൂർ): എയ്ഡഡ് സ്കൂളുകളിലെ അധ്യാപകനിയമനത്തിന് ഒരുമാസത്തിനുള്ളിൽ അംഗീകാരം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.

കോവിഡ് കാലത്ത് അധ്യാപകക്ഷാമം ഓൺലൈൻ പഠനത്തെ ബാധിക്കുന്നതായുള്ള വ്യാപക പരാതിയെത്തുടർന്നാണ് സർക്കാർ-എയിഡഡ് മേഖലയിൽ നിയമനം നടത്താൻ അനുമതിനൽകിയത്. സ്കൂളുകൾ പൂട്ടിക്കിടക്കുന്ന സമയത്ത് അധ്യാപകനിയമനത്തിന് വ്യവസ്ഥയില്ലാത്തതിനാൽ കെ.ഇ.ആറിൽ ഭേദഗതിവരുത്തിയാണ് ജൂലായ് 15-മുതൽ നിയമനാംഗീകാരം നൽകാൻ നിർദേശം നൽകിയിരുന്നത്. ഒരുമാസത്തിനകം നടപടി പൂർത്തിയാക്കാനായിരുന്നു നിർദേശം. സമയപരിധി കഴിഞ്ഞിട്ടും ആയിരക്കണക്കിന് അപേക്ഷകൾ തീർപ്പാക്കാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇപ്പോൾ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയമന പോർട്ടലായ സമന്വയിൽ ഈ കാലയളവിൽ ലഭിച്ചത് 10,785 അപേക്ഷകളാണ്. ഇതിൽ രണ്ട് മാസം പിന്നിട്ടിട്ടും 1664 പേർക്ക് മാത്രമാണ് അംഗീകാരം നൽകിയത്. 1820 അപേക്ഷകൾ പല കാരണങ്ങളാൽ മടക്കി. തീർപ്പാകാതെ കിടക്കുന്ന 7301 അപേക്ഷകൾ സെപ്റ്റംബർ 24-നുള്ളിൽ തിർപ്പാക്കാനാണ് ഉത്തരവ്.

നടപടികൾ സമയബന്ധിതമായി നടക്കുന്നുണ്ടോ എന്ന് ഡി.ഡി.ഇ.മാർ പരിശോധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.