തിരുവനന്തപുരം: കോൺഗ്രസിൽ തർക്കങ്ങൾ തീരുന്നതിന്റെ ഭാഗമായി കെ.പി.സി.സി. ഭാരവാഹികളെ നിശ്ചയിക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുന്നു. ജനറൽ സെക്രട്ടറിമാരായി നിയമിക്കപ്പെടുന്നവർക്ക് മാനദണ്ഡം കൊണ്ടുവരും.

തുടർച്ചയായി ഭാരവാഹികളായിരിക്കുന്നവരെ ഒഴിവാക്കും. ഗുരുതരമായ ആരോപണം നേരിടുന്നവരെയും വരുമാനമാർഗമായി രാഷ്ട്രീയത്തെ കാണുന്നവരെയും പരിഗണിക്കില്ല. പ്രായത്തിന്റെ കാര്യത്തിൽ കടുംപിടിത്തമുണ്ടാകില്ല. ചെറുപ്പക്കാരും തലമുതിർന്നവരും പട്ടികയിൽ വരും. എന്നാൽ, ജില്ലകളുടെയും മറ്റും ചുമതലനൽകുന്നത് താരതമ്യേന ചെറുപ്പക്കാർക്കായിരിക്കും.

കെ.പി.സി.സി. സെക്രട്ടറിമാരായി യുവാക്കളെ കൊണ്ടുവരും. മുതിർന്നവർക്കാകും ജനറൽ സെക്രട്ടറി ഗണത്തിലേക്ക് മുൻഗണന. ഒപ്പം കഴിവുതെളിയിച്ച യുവാക്കൾക്കും ജനറൽ സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകും. എം.പി., എം.എൽ.എ. എന്നിവരെ പരിഗണിക്കേണ്ടെന്ന നിർദേശത്തിനാണ് മുൻതൂക്കം. ഡി.സി.സി. പ്രസിഡന്റുമാർ, കെ.പി.സി.സി. ഭാരവാഹികൾ എന്നിവരുടെയൊക്കെ പ്രവർത്തനം വിലയിരുത്താൻ പ്രത്യേക സമിതിയുണ്ടാകും.

മാനദണ്ഡം നിശ്ചയിച്ചാൽ തർക്കം വലിയ ഒരളവുവരെ പരിഹരിക്കാമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മാനദണ്ഡം സംബന്ധിച്ചും തുടർന്ന് പരിഗണിക്കുന്ന പേരുകളെക്കുറിച്ചും ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ആലോചിക്കും. എന്നാൽ, വിവിധ ഗ്രൂപ്പിന്റെപേരിൽ മാത്രം നിയമനം നടക്കില്ല. പാർട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തിൽ വിവാദത്തിൽ കുടുങ്ങി സംഘടനാ സംവിധാനം ദുർബലമാകരുതെന്ന നിർബന്ധം ഹൈക്കമാൻഡിനുണ്ട്.

ബുധൻ, വ്യാഴം ദിവസങ്ങളിലായി ഡി.സി.സി. പ്രസിഡന്റുമാരുടെ ശില്പശാല നടക്കും. എട്ട്, പതിനാല് തീയതികളിലായി ഉമ്മൻചാണ്ടിയും രമേശുമായി നേതൃത്വം കൂടുതൽ ചർച്ചനടത്തി പുനഃസംഘടന പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയെന്നനിലയിൽ കോൺഗ്രസിന്റെ സംഘടനാദൗർബല്യം പരിഹരിച്ച് ശക്തിപ്പെടണമെന്ന നിർദേശം ഘടകകക്ഷികളും മുന്നോട്ടുവെച്ചിട്ടുണ്ട്.