കൊല്ലം : തദ്ദേശസ്ഥാപനങ്ങളിൽനിന്ന് അജൈവമാലിന്യങ്ങൾ ശേഖരിച്ചുകൊണ്ടുപോകുന്ന വാഹനങ്ങളിൽ ജി.പി.എസ്. (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) നിർബന്ധമാക്കി. 45 ദിവസത്തിനകം ഇതിനുള്ള നടപടി സ്വീകരിക്കാൻ തദ്ദേശസ്ഥാപനങ്ങളെയും ക്ലീൻകേരള കമ്പനിയെയും സർക്കാർ ചുമതലപ്പെടുത്തി. ട്രാൻസ്പോർട്ടിങ് കരാറുകാരാണ് ജി.പി.എസ്. സ്ഥാപിക്കേണ്ടത്.

തദ്ദേശസ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനിയെയും ചില സ്വകാര്യ ഏജൻസികളെയുമാണ് മാലിന്യം പുനഃചംക്രമണത്തിനോ സംസ്കരണത്തിനോ കൊണ്ടുപോകാൻ ചുമതലപ്പെടുത്തുന്നത്. എന്നാൽ ഇത്തരം വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ നിലവിൽ സംവിധാനമില്ല. ഇങ്ങനെ കൊണ്ടുപോകുന്ന മാലിന്യങ്ങൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ചിരുന്നു.

മേലിൽ ട്രാൻസ്പോർട്ട് കരാറുകാർക്കായി ടെൻഡർ വിളിക്കുമ്പോൾത്തന്നെ വാഹനത്തിൽ ജി.പി.എസും ബന്ധപ്പെട്ട ഓഫീസിൽ നിരീക്ഷണസംവിധാനവും വേണമെന്ന വ്യവസ്ഥവെക്കണം. ജി.പി.എസ്. സഹായത്തോടെ മാലിന്യനീക്കം നിരീക്ഷിക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം.

തദ്ദേശസ്ഥാപനങ്ങളും ക്ലീൻ കേരള കമ്പനിയുമായി ട്രാൻസ്പോർട്ടിങ് ഏജൻസികൾ നിശ്ചിത വ്യവസ്ഥകളുള്ള കരാറിൽ ഏർപ്പെടണം. മാലിന്യനീക്കം നടത്തുന്ന എല്ലാ വാഹനങ്ങളും തദ്ദേശസ്ഥാപനങ്ങളിൽ നിശ്ചിതമാതൃകയിലെ അപേക്ഷനൽകി രജിസ്റ്റർ ചെയ്യണം. മാലിന്യം എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് ഈ ഏജൻസികൾ മുൻകൂട്ടി അറിയിക്കണം. ഈ സ്ഥലം അനുയോജ്യമാണോ എന്ന് തദ്ദേശസ്ഥാപനങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം.

അഴുകാത്ത മാലിന്യങ്ങളെ പുനഃചംക്രമണം ചെയ്യാവുന്നതും അല്ലാത്തതുമായി തരംതിരിക്കണം.

പുനരുപയോഗിക്കാവുന്ന അജൈവമാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി നിശ്ചയിക്കുന്ന നിരക്കിലാണ് വിൽക്കേണ്ടത്. പുനരുപയോഗിക്കാനാകാത്തവ സർക്കാർ നിശ്ചയിക്കുന്ന നിരക്കുനൽകി ക്ലീൻ കേരള കമ്പനി വഴി നീക്കംചെയ്യണം. മലിനീകരണ നിയന്ത്രണബോർഡിന്റെ അനുമതിയുള്ള ഏജൻസികളുമായേ സംസ്കരണത്തിന് കരാറുണ്ടാക്കാവൂ. മാലിന്യം സ്ഥലം നികത്തുന്നതിനോ ചൂളകളിൽ ഉപയോഗിക്കുന്നതിനോ ആണെങ്കിൽ അതിനും ഉടമ്പടിയുണ്ടായിരിക്കണം.

സംസ്കരണം നടത്തിയതിന് നിശ്ചിതമാതൃകയിലുള്ള രേഖ കരാറുകാരൻ ഏഴുദിവസത്തിനകം ഹാജരാക്കണം. വ്യവസ്ഥകൾ ലംഘിച്ചാൽ കരാർ റദ്ദാക്കുകയും അവർക്കു ലഭിക്കേണ്ട തുക നഷ്ടമാവുകയും ചെയ്യും.