കൊല്ലം : സംസ്ഥാനത്ത് മതിയായ എണ്ണം കുട്ടികളില്ലാത്ത 3848 സ്കൂളുകൾ. സ്ഥിരാധ്യാപക നിയമനം തടഞ്ഞിരിക്കുന്ന ഈ സ്കൂളുകളിൽ ഗസ്റ്റ് അധ്യാപകർ പോലുമില്ലാത്ത സ്ഥിതിയാണ്. ഒരു സ്ഥിരാധ്യാപകൻ പോലുമില്ലാത്ത ആയിരത്തിലേറെ സ്കൂളുകൾ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളിലൊന്നും വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകൾക്ക് പിന്തുണനൽകാനും ഓൺലൈൻ ക്ലാസുകളെടുക്കാനും അധ്യാപകരില്ല.

ഒരു ക്ലാസിൽ ശരാശരി 15 കുട്ടികൾ ഇല്ലാത്ത സ്കൂളുകളെയാണ് മതിയായ എണ്ണം തികയാത്ത (അനാദായകരമായ) സ്കൂളുകളായി കണക്കാക്കുന്നത്. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി 1841 സർക്കാർ സ്കൂളുകളിൽ മതിയായ എണ്ണം കുട്ടികളില്ല. 2007 എയ്ഡഡ് സ്കൂളുകളിലും ഇതേ സ്ഥിതിയാണ്. എൽ.പി.വിഭാഗത്തിലാണ് അനാദായകരമായ സ്കൂളുകൾ കൂടുതലുള്ളത്. സർക്കാർ, എയ്ഡഡ് മേഖലകളിലായി ഈ വിഭാഗത്തിൽ 2921 സ്കൂളുകളുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 636-ഉം യു.പി.യിൽ 291-ഉം സ്കൂളുകളിലും മതിയായ എണ്ണം കുട്ടികളില്ല.

2011-നുശേഷം അനാദായകരമായ സ്കൂളുകളിലെ നിയമനങ്ങളെല്ലാം സർക്കാർ ദിവസവേതനാടിസ്ഥാനത്തിലാക്കിയിരുന്നു. എന്നാൽ എയ്ഡഡ് സ്കൂളുകളിൽ ഹെഡ്മാസ്റ്റർമാരെ നിയമിക്കാം. ഒരു ക്ലാസിൽ ശരാശരി 25 കുട്ടികൾ വേണമെന്നായിരുന്നു വ്യവസ്ഥ. 2018-ൽ കുറഞ്ഞ കുട്ടികളുടെ എണ്ണം 15 ആക്കിമാറ്റി. അന്നുമുതൽ സ്ഥിരാധ്യാപകർ വിരമിക്കുന്ന ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിലായിരുന്നു നിയമനം. ഇവരുടെ ശമ്പളം സർക്കാരാണ് നൽകിയിരുന്നത്.

കോവിഡ് മൂലം സ്കൂളുകൾ അടച്ചതോടെ ദിവസവേതനക്കാർക്ക് ശമ്പളം കിട്ടാതായി. എങ്കിലും ഭൂരിപക്ഷം സ്കൂളുകളിലും ഈ അധ്യാപകർ പഠനപിന്തുണ നൽകിവന്നു. ശമ്പളം നൽകണമെന്ന ആവശ്യം ഉയർന്നതിനെത്തുടർന്ന് ഇക്കൊല്ലം ജനുവരിമുതൽ ശമ്പളം നൽകാൻ സർക്കാർ ഉത്തരവായി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രമേ ശമ്പളം കിട്ടിയുള്ളൂ. പുതിയ അധ്യയനവർഷത്തിൽ ദിവസവേതനക്കാരുടെ ശമ്പളം സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ നിലപാട്. ഇതോടെയാണ് സ്കൂളുകളിൽ പഠനപിന്തുണ നൽകാൻ അധ്യാപകരില്ലാതായത്. ദിവസവേതനം നൽകിയില്ലെങ്കിലും മാസം നിശ്ചിതതുക കൊടുത്ത് ഗസ്റ്റ് അധ്യാപകരെ നിയമിച്ചില്ലെങ്കിൽ കുട്ടികളുടെ എണ്ണം തികയാത്ത 3848 സ്കൂളുകളിലെ അധ്യയനം താറുമാറാകും.