തൃശ്ശൂർ: സ്വകാര്യവ്യക്തികൾക്കോ കൂട്ടായ്‌മകൾക്കോ വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാനുള്ള സൗകര്യം സർക്കാർ ഒരുക്കുന്നു. ഇതിന്റെ നയത്തിന് ഉടൻ രൂപംനൽകുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പത്രസമ്മേളനത്തിൽ അറിയിച്ചു. സ്ഥലം കണ്ടെത്തി അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയാൽ അവിടെ വ്യവസായസംരംഭങ്ങൾക്കുള്ള സർക്കാർസഹായം ലഭ്യമാക്കും.

ഇപ്പോൾ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റുകളിൽ വ്യവസായങ്ങൾക്ക് സർക്കാർതലത്തിലുള്ള സൗകര്യങ്ങൾ സ്വകാര്യ എസ്റ്റേറ്റുകളിലുമുണ്ടാവും.

ഒരു പ്രദേശത്ത് കൂടുതൽ സാധ്യതയുള്ള വ്യവസായത്തിന് അനുകൂലമായ സാഹചര്യം എസ്റ്റേറ്റുകൾ വഴി ഒരുക്കാനാവുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. തദ്ദേശസ്ഥാപനങ്ങൾക്കും വ്യവസായ എസ്റ്റേറ്റുകൾ തുടങ്ങാവുന്നതാണ്. പശ്ചാത്തലസൗകര്യം സർക്കാർ ഒരുക്കിക്കൊടുക്കും. സംസ്ഥാനത്ത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ എസ്റ്റേറ്റുകളുടെ ഭൂമിയുടെ വിവരങ്ങൾ ഉടൻതന്നെ ശേഖരിക്കും. കെ.എസ്.ഐ.ഡി.സി., കിൻഫ്ര, സിഡ്‌കോ, ജില്ലാ വ്യവസായകേന്ദ്രം എന്നിവയുടെ ഉടമസ്ഥതയിലാണ് എസ്റ്റേറ്റുകൾ ഇപ്പോഴുള്ളത്.

മൊത്തം എത്ര ഭൂമിയുണ്ടെന്നും വ്യവസായ ആവശ്യത്തിന് എത്ര ഭൂമി ഉപയോഗിക്കുന്നുണ്ടെന്നും ഉപയോഗിക്കാതെ എത്ര കിടക്കുന്നുണ്ടെന്നും കോടതി കേസുകളിൽപ്പെട്ട ഭൂമി എത്രയെന്നുമുള്ള വിവരങ്ങളാണ് ശേഖരിക്കുക.

ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിന് കൃത്യമായ മാർഗരേഖയുണ്ടാക്കും. എസ്റ്റേറ്റുകളിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാർനയം പ്രഖ്യാപിക്കും.

പൊതുമേഖലാസ്ഥാപനങ്ങളിൽ പി.എസ്.സി. നടത്തുന്ന നിയമനങ്ങൾ ഒഴികെയുള്ളവ നടത്തുന്നതിന് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപവത്കരിക്കും. അതിന്റെ ബില്ലിന് രൂപംകൊടുത്തുകൊണ്ടിരിക്കുകയാണ്. പൊതുമേഖലയെ സംരക്ഷിക്കുകയെന്നു പറയുന്നതിനപ്പുറം പ്രാവർത്തികമാക്കാനുള്ള നടപടികളുണ്ടാവും. ഉത്പാദനക്ഷമത കൂട്ടുക മാത്രമാണ് പോംവഴി. ഓവർടൈം കുറയ്ക്കുക, നോക്കുകൂലി പൂർണമായും ഇല്ലാതാക്കുക, മികച്ച തൊഴിലാളികളെ കണ്ടെത്തുക തുടങ്ങിയ കാര്യങ്ങൾ ഇതിന്റെ ഭാഗമായുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.