തൃശ്ശൂർ: പഴവും പച്ചക്കറിയും സംഭരിച്ച് സഹായിക്കാനുള്ള സർക്കാർ ഏജൻസിയായ ഹോർട്ടികോർപ്പ് കർഷകർക്ക് ദുരിതമാകുന്നു. ചുരുങ്ങിയത് 15 കോടി രൂപയാണ് പല ജില്ലകളിലായി കർഷകർക്ക് കിട്ടാനുള്ളത്. അതിരൂക്ഷമായ സാമ്പത്തികപ്രതിസന്ധിയാണ് കാരണമായി പറയുന്നത്. വിശ്വാസ്യതയ്ക്ക് മങ്ങലേറ്റതിനാൽ ഓണക്കാലത്ത് ഹോർട്ടികോർപ്പിൽ ഉത്പന്നങ്ങൾ നൽകിയവരുടെ എണ്ണം മുൻവർഷത്തേക്കാൾ കുറഞ്ഞു.

കുറഞ്ഞ അളവിൽ ഉത്പന്നം നൽകിയവർക്കു മാത്രമാണ് തുക കിട്ടിയിട്ടുള്ളത്. മൂവായിരം രൂപയ്ക്കുമേൽ തുകയുള്ളവരിൽ 90 ശതമാനം പേരും ഹോർട്ടികോർപ്പിന്റെ കനിവ് കാത്തിരിക്കുകയാണ്.

കർഷകർക്ക് ന്യായവില നൽകി സംഭരിച്ചശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഔട്ട്‌ലെറ്റുകൾ വഴി വില്പന നടത്തുകയാണ് സ്ഥാപനത്തിന്റെ ചുമതല.

വലിയതോതിൽ ഉത്പാദനമുള്ള കർഷകർ പ്രാദേശികവിപണികളിലാണ് ഉത്പന്നങ്ങൾ വിൽക്കുന്നത്. വിപണികളിൽനിന്നാണ് ഹോർട്ടികോർപ്പ് ഇവ ഏറ്റെടുത്തത്. ഒന്നും രണ്ടും ലക്ഷം രൂപയുടെ പച്ചക്കറികൾ വിപണികളിൽ വിൽക്കുന്ന കർഷകർ സംസ്ഥാനത്ത് നിരവധിയുണ്ട്. ഹോർട്ടികോർപ്പിൽനിന്ന് പണം വിപണികളുടെ അക്കൗണ്ടിലേക്ക് വരുമ്പോൾ പണം കൊടുക്കാമെന്ന വ്യവസ്ഥയിലാണ് കർഷകർ ഉത്പന്നങ്ങൾ നൽകിയത്. പണം കിട്ടുമെന്ന വിശ്വാസത്തിൽ കർഷകരുടെ മുന്നിൽ വിപണിയുടെ സംഘാടകരാണ് പ്രശ്‌നത്തിലായത്. കർഷകരുടെ കൂട്ടായ്‌മതന്നെയാണ് വിപണിയുടെ നടത്തിപ്പ്.

പാലക്കാട്ടുനിന്നുള്ള സന്തോഷ് എന്ന കർഷകന് ഒരുലക്ഷം രൂപയാണ് കിട്ടാനുള്ളത്. ഒരുകൊല്ലംമുമ്പ് ഇദ്ദേഹം ഹോർട്ടികോർപ്പ് പറഞ്ഞപ്രകാരം പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഔട്ട്‌ലെറ്റുകളിൽ പച്ചക്കറിയെത്തിച്ചു. ഇതിനുള്ള വണ്ടിക്കൂലിയും നൽകാമെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഒരുദിവസം വണ്ടിവാടകയായ 12,000 രൂപ പ്രകാരം എട്ടുദിവസം ഇങ്ങനെ സാധനമെത്തിച്ചു. എന്നാൽ, പച്ചക്കറിവിലയോ വാടകയോ കിട്ടാത്ത സ്ഥിതിയാണിപ്പോൾ.

സംസ്ഥാനത്ത് 265 ഔട്ട്‌ലെറ്റുകളാണ് ഹോർട്ടികോർപ്പിനുള്ളത്. ഇതിൽ 82 എണ്ണം നേരിട്ട് നടത്തുന്നവയാണ്. 183 എണ്ണം ലൈസൻസുള്ളവർക്ക് നടത്താൻ കൊടുത്തു. ഇതിൽ ലൈസൻസ്ഡ് സ്ഥാപനങ്ങൾ കുറേയെണ്ണം പൂട്ടിപ്പോയി. സാമ്പത്തികപ്രതിസന്ധിമൂലം ഹോർട്ടികോർപ്പിൽ ജീവനക്കാരുടെ ശമ്പളവും വൈകുന്നുണ്ട്. 20 ദിവസത്തിലേറെ വൈകിയാണ് ശമ്പളം നൽകുന്നത്. സർക്കാർ ഇടപെട്ട് പണം നൽകിയാൽ മാത്രമേ കർഷകർക്കുള്ള കുടിശ്ശിക നൽകാൻ കഴിയൂ.