തൃശ്ശൂർ: സിറോ മലബാർ സഭയുടെ സിനഡ് തീരുമാനപ്രകാരമുള്ള അൾത്താര അഭിമുഖ കുർബാനയ്ക്കെതിരേ തൃശ്ശൂരിലെ വൈദികക്കൂട്ടായ്‌മ അപ്പീൽ നൽകും. സഭയുടെ നൂൺഷ്യോക്കും പൗരസ്ത്യ തിരുസംഘത്തിനും മാർപാപ്പയ്ക്കുമാണ് അപ്പീൽ നൽകുകയെന്ന് വൈദികക്കൂട്ടായ്‌മയുടെ പ്രതിനിധികൾ മാധ്യമപ്രവർത്തകരെ അറിയിച്ചു. അൾത്താര അഭിമുഖ കുർബാനയ്ക്കെതിരേ സഭയിലെ 230 വൈദികർ ഒപ്പിട്ട നിവേദനം സിറോ മലബാർ മെത്രാ‍ൻമാരുടെ സിനഡിനും കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും തൃശ്ശൂർ മെത്രാപ്പൊലീത്ത മാർ ആൻഡ്രൂസ് താഴത്തിനും നൽകിയിരുന്നു. ചൊവ്വാഴ്‌ച തൃശ്ശൂർ മെത്രാപ്പൊലീത്തയുടെ ബിഷപ്പ് ഹൗസിൽ വൈദികക്കൂട്ടായ്‌മയുടെ പ്രതിനിധികൾ പ്രതിഷേധം അറിയിക്കാനെത്തിയിരുന്നു. അപ്പോഴാണ് അപ്പീൽ പോകുന്ന കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചത്.

അഞ്ചുപതിറ്റാണ്ടുമുമ്പ് നിലനിന്നിരുന്ന ബലി അർപ്പണരീതിയാണ് സിനഡ് മാറ്റുന്നത്. ഇതിനായി വൈദികരുമായി കൂടിയാലോചിച്ചില്ല. മെത്രാൻമാർ മാത്രം ഉൾപ്പെടുന്നതല്ല കത്തോലിക്കാസഭ. അതിൽ അല്‌മായന്മാർ വരെയുണ്ട്. വിശുദ്ധകുർബാനയെപ്പറ്റി ചർച്ചചെയ്യാതെ ദിവ്യബലിയിൽ മാറ്റം വരുത്തരുത്. ആരോടും കൂടിയാലോചിക്കാതെ ഒരു സുപ്രഭാതത്തിൽ പറയുകയാണുണ്ടായത്. ഒാരോ കാര്യവും അടിച്ചേൽപ്പിക്കുമ്പോൾ പ്രതിഷേധമുണ്ടാകുന്നത് സാധാരണമാണ്.

സിനഡിലുള്ള പിതാക്കന്മാരുടെ അഭിപ്രായം വ്യക്തിപരമായിരിക്കരുത്. അത് രൂപതയുടെ അഭിപ്രായമായിരിക്കണം. അല്ലെങ്കിൽ സിനിഡാലിറ്റി നഷ്ടപ്പെടും. വ്യവസ്ഥാപിതമാർഗത്തിലൂടെയല്ല പുതിയ തീരുമാനങ്ങളെടുത്തത്. അതിനാലാണ് ഇതിനെതിരേ അപ്പീൽ പോകുന്നതെന്നും വൈദികക്കൂട്ടായ്‌മാ പ്രതിനിധികൾ അറിയിച്ചു.