തൃശ്ശൂർ: ജന്തുജന്യരോഗങ്ങളെപ്പറ്റിയുള്ള ദേശീയതല പഠനത്തിന് കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് സർവകലാശാല അമേരിക്കൻ സംഘടനയുമായി കൈകോർത്തു. ഒപ്പം ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള കിങ് ജോർജ് മെഡിക്കൽ സർവകലാശാലയും പദ്ധതിയിൽ പങ്കാളികളാണ്. ന്യൂയോർക്ക് ആസ്ഥാനമായ ഇക്കോ ഹെൽത്ത് അലയൻസ്‌ എന്ന സന്നദ്ധസംഘടനയാണ് പദ്ധതി നടപ്പാക്കുന്നത്. അമേരിക്കൻ സർക്കാരിന്റെ ഡിഫൻസ് ത്രെട്ട് റിഡക്ഷൻ ഏജൻസി ഫണ്ട് ലഭ്യമാക്കും. പഠനത്തിനുള്ള ധാരണാപത്രത്തിൽ ബന്ധപ്പെട്ടവർ ഒപ്പിട്ടു.

ജന്തുക്കളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന േരാഗങ്ങളും അതിന്റെ ഉറവിടവും വ്യാപ്‌തിയും നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളുമാണ് പഠനവിഷയമാക്കുക. വവ്വാൽ, കുരങ്ങ്, പന്നി തുടങ്ങി േരാഗം പടർത്തുന്ന മൃഗങ്ങളെപ്പറ്റിയുള്ള പഠനമാണ് വെറ്ററിനറി സർവകലാശാല നടത്തുക. നാട്ടിലെയും കാട്ടിലെയും മൃഗങ്ങളെ പഠനവിധേയമാക്കും. രോഗം ബാധിക്കുന്ന മനുഷ്യരെപ്പറ്റിയുള്ള പഠനമാണ് കിങ് ജോർജ് മെഡിക്കൽ സർവകലാശാല നടത്തുക. കോഴിക്കോട്ടെ നിപ ബാധിതമേഖലയിലാണ് പഠനം തുടങ്ങുക. പഠനത്തിനായി മൃഗങ്ങളുടെയും മനുഷ്യരുടെയും രക്തസാന്പിളുകൾ ശേഖരിക്കും.

രോഗത്തിന്റെ കാര്യത്തിൽ മനുഷ്യരും മൃഗങ്ങളും രണ്ടല്ല എന്ന കാഴ്‌ചപ്പാടിൽ ‘വൺ ഹെൽത്ത്’ എന്ന ആശയം ഉൾക്കൊണ്ടാണ് പഠന-ഗവേഷണങ്ങൾ നടത്തുന്നത്. ഇത്രയും വിപുലവും ആധികാരികവുമായ പഠനം രാജ്യത്ത് ആദ്യമാണെന്ന് വെറ്ററിനറി സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. എം.ആർ. ശശീന്ദ്രനാഥ് പറഞ്ഞു.

വെറ്ററിനറി സർവകലാശാലയിലെ ഡോ. പ്രജിത്, കിങ് ജോർജ് മെഡിക്കൽ സർവകലാശാലയിലെ ഡോ. അമിതാ ജെയ്ൻ എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകുക. സംഘത്തിൽ വനം, വന്യജീവി, വവ്വാൽ, വെറ്ററിനറി തുടങ്ങിയ മേഖലകളിലെ പ്രമുഖരായ 15 പേരുണ്ടാകും. പഠനത്തിനായി കിങ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ വിപുലമായ ലബോറട്ടറി തയ്യാറാക്കിയിട്ടുണ്ട്.