ചെറുവത്തൂർ: മുൻ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല എം.എൽ.എ. ഉദ്‌ഘാടനം ചെയ്യേണ്ട ചടങ്ങ്‌ ഒരുവിഭാഗം കോൺഗ്രസ്‌ പ്രവർത്തകർ അലങ്കോലപ്പെടുത്തി. മുൻ എം.എൽ.എ. കെ.പി.കുഞ്ഞിക്കണ്ണൻ ചെയർമാനായ ‘സംസ്കാര’ കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഭാരതീയ സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനമാണ്‌ അലങ്കോലപ്പെട്ടത്‌.

പിലിക്കോട് ഫൈൻ ആർട്‌സ് സൊസൈറ്റി ഗാന്ധി-നെഹ്രു പഠനകേന്ദ്രത്തിൽ വ്യാഴാഴ്ച നടത്താനിരുന്ന പരിപാടി പിലിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.നവീൻകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തടഞ്ഞത്. കെ.പി.കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ നടക്കുന്നത്‌ ഗ്രൂപ്പ് പ്രവർത്തനമാണെന്നും ഡി.സി.സി. പ്രസിഡന്റിനെയും മണ്ഡലം പ്രസിഡന്റിനെയും അറിയിക്കാതെ ഒരു പരിപാടിയും നടത്താനാകില്ലെന്നും പറഞ്ഞായിരുന്നു പ്രതിഷേധം.

പരിപാടിയുടെ പ്രചാരണഭാഗമായി സ്ഥാപിച്ച ബോർഡുകളും ബാനറുകളും കഴിഞ്ഞദിവസം നീക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ കെ.പി.കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ സംഘാടകർ വീണ്ടും ബോർഡ് സ്ഥാപിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ ഫൈൻ ആർട്‌സ് സൊസൈറ്റിക്ക് മുന്നിലെത്തിയ സംഘം വീണ്ടും ബോർഡുകൾ എടുത്തുമാറ്റി. രമേശ് ചെന്നിത്തല എത്തിയാൽ അകത്ത് പ്രവേശിക്കാതിരിക്കാൻ പ്രതിഷേധക്കാർ കവാടം അടച്ചു. ബോർഡ് എടുത്തുമാറ്റുന്നത് ചോദ്യംചെയ്ത കെ.പി.കുഞ്ഞിക്കണ്ണനെ കൈയേറ്റംചെയ്യാൻ നവീൻകുമാറും സംഘവും ശ്രമിച്ചു. കുഞ്ഞിക്കണ്ണനും മുൻ ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിലും കയറിയ കാറിനുനേരേയും അക്രമം നടന്നു.

സംഘർഷം പരിധി ലംഘിക്കുമെന്ന് മനസ്സിലായതോടെ ചന്തേര ഇൻസ്പെക്ടർ പി.നാരായണന്റെ നേതൃത്വത്തിലെത്തിയ പോലീസ് ലാത്തിവീശി പ്രവർത്തരെ പിരിച്ചുവിട്ടു. സംഘർഷം നടക്കുന്നതിനിടെ രമേശ് ചെന്നിത്തല പിലിക്കോട്ട്‌ ഇറങ്ങാതെ 2.40-ഒാടെ കാഞ്ഞങ്ങാട്ടേക്ക് പോയി. പരിപാടിയിൽ പങ്കെടുക്കരുതെന്ന്‌ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ നിർദേശിച്ചിരുന്നതായി ‘സംസ്കാര’ സംസ്ഥാന ചെയർമാൻ കൂടിയായ രമേശ് ചെന്നിത്തല കാഞ്ഞങ്ങാട്ട്‌ മാധ്യമപ്രവർത്തകരോട്‌ പ്രതികരിച്ചു.