തിരുവനന്തപുരം: ഉത്തർപ്രദേശ് പോലീസ് അറസ്റ്റുചെയ്ത പത്രപ്രവർത്തകൻ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി വിധി പോലും ലംഘിക്കുന്ന വിധം നീതി നിഷേധിക്കുകയാണെന്ന് ഭാര്യ റെയ്ഹാനത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു.

ദളിത് പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ ഹാഥ്‌റസിലേക്കുള്ള യാത്രയ്ക്കിടയിലാണ് സിദ്ദിഖിനെ ഒരു വർഷം മുൻപ് അറസ്റ്റ് ചെയ്തത്. ഇതുവരെ കുറ്റപത്രത്തിന്റെ പകർപ്പ് ലഭിച്ചിട്ടില്ലെന്ന് റെയ്ഹാനത്ത് പറഞ്ഞു. മഥുര കോടതിയിൽ നൽകിയ ജാമ്യഹർജി നിരസിച്ചു. കുറ്റപത്രത്തിന്റെ പകർപ്പ് ലഭിക്കാത്തതിനാൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കാൻപോലും ബുദ്ധിമുട്ടുകയാണ്. കോവിഡ് ബാധിതനായി ആശുപത്രിയിൽ കിടക്കവേ, മൃഗത്തെപ്പോലെ ചങ്ങലയിൽ കെട്ടിയിട്ട് മനുഷ്യത്വഹീനമായാണ്‌ സിദ്ദിഖിനോട് പോലീസ് പെരുമാറിയത്. രോഗം പൂർണമായും ഭേദമായ ശേഷം മാത്രമേ എയിംസ് ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യാൻ പാടുള്ളൂവെന്ന സുപ്രീംകോടതിയുടെ ഉത്തരവ് യു.പി. പോലീസ് പാലിച്ചില്ല. ഇതിനിെട, വൃദ്ധയായ മാതാവ് മരിച്ചതറിഞ്ഞിട്ടും സിദ്ദിഖിന് അവരെ ഒന്നു കാണാൻപോലും കഴിഞ്ഞില്ല.

നിരപരാധിത്വം തെളിയിക്കാൻ നുണപരിശോധനയടക്കമുള്ള ഏതുതരം ശാസ്ത്രീയപരിശോധനയ്ക്കും സന്നദ്ധമാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ മോചനത്തിനായി സർക്കാരും പൊതുസമൂഹവും സഹായിക്കണമെന്നും റെയ്ഹാനത്ത് ആവശ്യപ്പെട്ടു.