തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കുട്ടികൾ വിശന്നിരിക്കരുതെന്ന് സർക്കാരിനു നിർബന്ധമുണ്ട്. സാഹചര്യങ്ങൾക്കനുസരിച്ച് സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കാനും കോവിഡ് മാനദണ്ഡം അനുസരിച്ച് വിതരണംചെയ്യാനുമുള്ള നടപടി സ്കൂളധികൃതർ സ്വീകരിക്കണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

ഒരു ബെഞ്ചിൽ രണ്ടുകുട്ടികൾ എന്ന നിലയ്ക്കായിരിക്കും ക്രമീകരണം. അവധിദിനമല്ലാത്ത ശനിയാഴ്ച അടക്കമുള്ള ദിവസങ്ങൾ പ്രവർത്തിദിനമായിരിക്കും. ബയോ ബബിൾ സംവിധാനത്തിൽ കുട്ടികളെ സംരക്ഷിക്കും. ഒരു ബാച്ചിലെ കുട്ടികൾക്ക് തുടർച്ചയായി മൂന്നുദിവസം ക്ലാസ് നൽകും. ബാച്ച് മാറാൻ അനുവദിക്കില്ല.

ഫിറ്റ്‌നസ് ലഭിക്കാത്ത സ്കൂളുണ്ടെങ്കിൽ തൊട്ടടുത്ത സ്കൂളിലേക്ക് കുട്ടികളെ മാറ്റും. കുട്ടികൾക്ക് വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ അനുമതി നൽകിയാലുടൻ നടപ്പാക്കാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. ട്യൂഷൻ സെന്ററുകളും പാരലൽ കോളേജുകളും തുറക്കുന്നതിൽ ആലോചിച്ച് തീരുമാനമെടുക്കും.

എയ്ഡഡ് മാനേജ്‌മെന്റുകൾക്ക് നൽകാനുള്ള മെയ്‌ന്റനൻസ് ഫണ്ടായ 52 കോടി രൂപയും ഉച്ചഭക്ഷണ ഫണ്ടും ഉടൻ കൊടുക്കും. ആയിരം കുട്ടികളിൽ കൂടുതലുള്ള സ്കൂളുകളിൽ 25 ശതമാനം വിദ്യാർഥികൾ എത്തിയാൽ മതി. ഓരോ മണിക്കൂറും ഇടവിട്ട് ശൗചാലയങ്ങൾ വൃത്തിയാക്കും. ഒരു ഓട്ടോയിൽ മൂന്നുവിദ്യാർഥികളെ കയറ്റാനേ അനുവദിക്കൂ. വിദ്യാർഥികൾക്ക് യാത്രാനുകൂല്യം അനുവദിക്കുന്നതിൽ സ്വകാര്യ ബസ്സുടമകളുടെ യോഗം വിളിക്കും- മന്ത്രി പറഞ്ഞു.