തിരുവനന്തപുരം: ഗ്രാമവികസന കമ്മിഷണർ വി.ആർ. വിനോദിനെ ഭക്ഷ്യസുരക്ഷാ കമ്മിഷണറായി മാറ്റിനിയമിച്ചു. കയർ വികസന ഡയറക്ടറുടെ അധികചുമതലയും ഉണ്ടാകും. ലാൻഡ് ബോർഡ് സെക്രട്ടറി എ. ഷിബുവിനെ എറണാകുളം ജില്ലാ വികസന കമ്മിഷണറായി നിയമിക്കും.

ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ്‌കുമാർ സിങ്ങിന് നികുതിവകുപ്പിന്റെയും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖൊബ്രഗഡെക്ക്‌ ആയുഷ് വകുപ്പിന്റെയും പൂർണ അധികചുമതല നൽകി.

ഡോ. ശർമിള മേരി ജോസഫ് രണ്ടുമാസത്തെ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് ഇരു വകുപ്പുകളുടെയും ചുമതല കൈമാറിയത്. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന് കായിക, യുവജനകാര്യ വകുപ്പിന്റെ ചുമതലയും നൽകി.

അദീല അബ്ദുള്ള അവധിയിൽ പ്രവേശിച്ചതിനാൽ പട്ടികവർഗ വകുപ്പ് ഡയറക്ടർ ടി.വി. അനുപമയ്ക്ക് വനിതാ ശിശുക്ഷേമ ഡയറക്ടറുടെയും ജെൻഡർ പാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെയും പൂർണ അധികചുമതല നൽകി.

ജി.എസ്.ടി. അഡീഷണൽ കമ്മിഷണർ എസ്. എബ്രഹാം റെനിന് ലോട്ടറി ഡയറക്ടറുടെ അധികചുമതല നൽകി. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ഡി. ബാലമുരളിക്ക് ഗ്രാമവികസന കമ്മിഷണറുടെയും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെയും ചുമതല നൽകി.

സർവേ, ലാൻഡ് റെക്കോഡ്‌സ് ഡയറക്ടർ ശീറാം സാംബശിവ റാവുവിന് പൊതുമരാമത്ത് ജോയന്റ് സെക്രട്ടറിയുടെ പൂർണ അധികചുമതല നൽകി. കായിക, യുവജനകാര്യ ഡയറക്ടർ ജെറോമിക് ജോർജിന് ലാൻഡ് ബോർഡ് സെക്രട്ടറിയുടെ പൂർണ അധികചുമതല നൽകി.