തിരുവനന്തപുരം: കരാറുകാരുടെ ശുപാർശകൾ എം.എൽ.എ.മാർ ഏറ്റെടുക്കരുതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കരാറുകാരുടെ പ്രശ്നങ്ങൾ അവരുടെ സംഘടനയാണ് ശ്രദ്ധയിൽപ്പെടുത്തേണ്ടത്. ഇത്തരം വിഷയങ്ങളിൽ കരാറുകാരെ ശുപാർശയുമായി മന്ത്രിയുടെ അടുക്കലേക്കു വിടുന്നത് എം.എൽ.എ.മാർ ഉപേക്ഷിക്കണം. ഇല്ലെങ്കിൽ പിന്നീടവ മറ്റുപല വിഷയങ്ങൾക്കും വഴിവെക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

പൊതുമരാമത്ത് വകുപ്പിൽ ചില ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇപ്പോഴും നിലനിൽക്കുന്നു. ഒരു പ്രവൃത്തിയുടെ പകർപ്പ് ഉപയോഗിച്ച് മറ്റൊരു പ്രവൃത്തിക്ക് അനുമതി നൽകുക, അനാവശ്യ റീ എസ്റ്റിമേറ്റ് തയ്യാറാക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങളാണ് കരാറുകാരെ സഹായിക്കാൻ ഇവർ ചെയ്യുന്നത്. വകുപ്പിൽ സത്യസന്ധരായ ഉദ്യോഗസ്ഥരും കരാറുകാരുമുണ്ടെന്നും മന്ത്രി പറഞ്ഞു.

അഴിമതി ആരുചെയ്താലും മുഖംനോക്കാതെ നടപടിയെടുക്കും. പൊതുമരാമത്ത് വകുപ്പിന് കീഴിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നിർവഹിക്കാൻ റണ്ണിങ് കോൺട്രാക്ട് സംവിധാനം നടപ്പാക്കും. ഓരോ റോഡും മുൻകൂട്ടിത്തന്നെ ഒരു കരാറുകാരനെ ഏൽപ്പിക്കുന്ന സംവിധാനമാണിത്.

അറ്റകുറ്റപ്പണി ആവശ്യമെങ്കിൽ ക്വട്ടേഷനടക്കമുള്ള നടപടിക്രമം ഇല്ലാതെ കരാറുകാരനെ ജോലി ഏൽപ്പിക്കാം. കരാറുകാരന്റെയും ബന്ധപ്പെട്ട എൻജിനിയറുടെയും ഫോൺനമ്പർ ജനങ്ങൾക്ക് ലഭ്യമാക്കും. എം.എൽ.എ.മാർക്ക് ഇവരുടെ പ്രവൃത്തി പരിശോധിക്കാം- മന്ത്രി പറഞ്ഞു.