കൊച്ചി: വിഴിഞ്ഞത്ത് ആയുധങ്ങളും ലഹരിമരുന്നുമായി ബോട്ട് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശി സത്കുനം ഇന്ത്യയിൽ എൽ.ടി.ടി.ഇ. ഗൂഢാലോചന യോഗങ്ങളുടെ സൂത്രധാരൻ. എൽ.ടി.ടി.ഇ.യുടെ പുനരുജ്ജീവനത്തിന് കേരളത്തിലടക്കം ഇയാളുടെ നേതൃത്വത്തിൽ ഗൂഢാലോചനാ യോഗങ്ങൾ നടന്നതായാണ് കണ്ടെത്തൽ. ചെന്നൈ വത്സരവാക്കത്ത് താമസിച്ചിരുന്ന ഇയാൾ നേരത്തേ എൽ.ടി.ടി.ഇ. ഇന്റലിജൻസ് വിഭാഗം അംഗമായിരുന്നു.

പാകിസ്താനിൽനിന്ന് ശ്രീലങ്കയിലേക്കാണ് സത്കുനത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആയുധങ്ങളും ലഹരിമരുന്നും കടത്തിയിരുന്നത്. എൽ.ടി.ടി.ഇ. പുനരുജ്ജീവനം ലക്ഷ്യമിട്ടായിരുന്നു ഇത്. ഇതിലൂടെ ലഭിക്കുന്ന പണം ശ്രീലങ്കയിലെത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നത് സത്കുനമായിരുന്നു.

പാകിസ്താൻ പൗരനാണ് സംഘത്തിനു ലഹരിമരുന്നും ആയുധങ്ങളും എത്തിച്ചിരുന്നതെന്ന് എൻ.ഐ.എ. കണ്ടെത്തിയിരുന്നു. പാകിസ്താനിൽനിന്നുള്ള ആയുധങ്ങളും ലഹരിമരുന്നും ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്താണ് എത്തിച്ചിരുന്നത്. ഇവിടെനിന്നാണ് മറ്റു രാജ്യങ്ങളിലേക്ക് ലഹരിമരുന്ന് കടത്തിയിരുന്നത്. ഇതിന് ശ്രീലങ്കയിലെ എൽ.ടി.ടി.ഇ.യുടെ മുൻ നേതാക്കളെയാണ് സത്കുനം ഉപയോഗപ്പെടുത്തിയിരുന്നത്. തമിഴ്‌നാട്ടിലെ എൽ.ടി.ടി.ഇ.യുടെ നിർജീവ സെല്ലുകൾ ഇതിനു സഹായം ചെയ്തിരുന്നതായും എൻ.ഐ.എ. കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാർച്ചിൽ മിനിക്കോയ് ദ്വീപിനു സമീപത്തുനിന്നു പിടികൂടിയ ബോട്ടിൽ അഞ്ച് എ.കെ.-47 തോക്കുകളും 1000 വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനുമാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആറു ശ്രീലങ്കൻ സ്വദേശികളെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റുചെയ്തു. പിന്നീട് വിഴിഞ്ഞം പോലീസ് രജിസ്റ്റർചെയ്ത കേസ് മേയ് ഒന്നിനാണ് എൻ.ഐ.എ. ഏറ്റെടുത്തത്.