തവനൂർ: ഒട്ടേറേ ചരിത്രസമരങ്ങൾക്ക്‌ നേതൃത്വം നൽകിയ കേരളഗാന്ധി കെ. കേളപ്പനെ സംസ്ഥാനത്ത്‌ മാറിമാറി വന്ന സർക്കാരുകൾ ബോധപൂർവം അവഗണിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നിളാവിചാരവേദി സംഘടിപ്പിച്ച കേളപ്പജി 50-ാം സമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളഗാന്ധിയുടെ സമാധിസ്ഥലത്തെ അവഗണിക്കുകയും വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്ക്‌ സ്മാരകം പണിയുകയും ചെയ്യുന്നത് ചരിത്രത്തോടുള്ള അവഗണനയാണ്. കേളപ്പജിയുടെ ഓർമകൾ ഇല്ലാതാക്കാനുള്ള ശ്രമം അപലപനീയമാണ്. കെ. കേളപ്പൻ വിടപറഞ്ഞിട്ട് അരനൂറ്റാണ്ട്‌ തികയുന്ന ദിവസം സർക്കാർതലത്തിൽ ഒരു പരിപാടിയും സംഘടിപ്പിച്ചില്ല. മലബാറിലെ ഹൈന്ദവ ഏകീകരണത്തിനും തളി ക്ഷേത്രത്തിലെ സമരത്തിനും നേതൃത്വം നൽകിയതുകൊണ്ടാണോ ഇതെന്ന് ഉത്തരവാദപ്പെട്ടർ വ്യക്തമാക്കണം- അദ്ദേഹം പറഞ്ഞു. കേളപ്പജിയുടെ സമാധിഭൂമി സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ സഹായം അദ്ദേഹം ഉറപ്പ്‌ നൽകി.

ആധുനിക കേരളത്തിന്റെ നിർമിതിക്ക്‌ ആക്കംകൂട്ടിയത് കേളപ്പൻ മുന്നോട്ടുവെച്ച ഗാന്ധിയൻ ദർശനങ്ങളാണ്. കേരളത്തിലെ രാഷ്ട്രീയനേതാക്കൾക്ക് കെ. കേളപ്പന്റെ ആശയങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കുമ്മനം രാജശേഖരൻ പറഞ്ഞു. പുതുക്കിപ്പണിത സമാധിമണ്ഡപം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാർ നാടിനു സമർപ്പിച്ചു. കേളപ്പജിയുടെ പൗത്രൻ നന്ദകുമാർ മൂടാടി അധ്യക്ഷത വഹിച്ചു. വിപിൻ കൂടിയേടത്ത്, കദംബൻ നമ്പൂതിരി, മുരളിമോഹൻ എന്നിവർ പ്രസംഗിച്ചു. തവനൂർ മനക്കൽ പരമേശ്വരൻ സോമയാജിപാട്, ആർ.വി. രമണിയമ്മ, ചക്കത്ത്‌ഗോപൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.