എടപ്പാൾ: സംസ്ഥാനത്തെ സർക്കാർ, എയിഡഡ് വിദ്യാലയങ്ങൾക്ക് പാചകപ്പുര കം സ്റ്റോർ മുറി നിർമിക്കാൻ അനുവദിച്ചശേഷം മാറ്റിവെച്ച തുക തിരിച്ചെത്തി. തിരഞ്ഞെടുപ്പ്‌ ചട്ടം വന്നതോടെ ധനകാര്യവകുപ്പ് നിർദേശിച്ച അക്കൗണ്ടിലേക്ക് മാറ്റിയ 137 കോടിയിൽ 124 കോടിയാണ് തിരിച്ചെത്തിയത്.

സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ പരിധിയിൽ വരുന്ന 3031 സ്‌കൂളുകളിൽ പാചകപ്പുരയും സ്റ്റോർ മുറിയും നിർമിക്കാനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 60:40 വിഹിതമുള്ള ഫണ്ട് പ്രകാരം 2011-ൽ സ്‌കൂളുകൾക്കനുവദിച്ച 137.66 കോടി രൂപയാണ്‌ വിനിയോഗിക്കാതെകിടന്നിരുന്നത്. ഇതുസംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു.

ഈ വർഷമാദ്യം തുക അനുവദിച്ച് ഡി.ഡി.ഒ.മാരുടെ സ്‌പെഷ്യൽ അക്കൗണ്ടുകളിലേക്ക് നൽകിയെങ്കിലും പിന്നീട് തിരഞ്ഞെടുപ്പ്‌ ചട്ടം വന്നതോടെ ധനകാര്യവകുപ്പ് നിർദേശിച്ചതനുസരിച്ച് വേറെ അക്കൗണ്ടിലേക്ക് മാറ്റി. ഏപ്രിൽ 15-നുശേഷം തുക തിരിച്ചെടുത്ത് കെട്ടിട നിർമാണത്തിനുപയോഗിക്കുമെന്നായിരുന്നു പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചത്. 137.66 കോടിയാണ് അന്നനുവദിച്ചതെങ്കിലും അതു പൂർണമായി ഈ വർഷം തിരിച്ചെടുക്കാനാവാത്തതിനാൽ 124.71 കോടിയാണ് ഇപ്പോൾ തിരിച്ചുനൽകിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിയുകയും കോവിഡ് മൂലം അടച്ച വിദ്യാലയങ്ങൾ അടുത്ത മാസം തുറക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ നടക്കുകയും ചെയ്തിട്ടും പാചകപ്പുര നിർമാണകാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു. പാചകപ്പുര നിർമാണത്തിനായി തയ്യാറാക്കിയ പട്ടികയിലുൾപ്പെട്ടതും മറ്റു ഫണ്ടുകളുപയോഗിച്ച് നിർമിക്കാത്തതുമായ വിദ്യാലയങ്ങൾക്ക് ഉടൻ പ്രവൃത്തി ആരംഭിക്കാം.

അധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, തദ്ദേശസ്ഥാപന എൻജിനിയർമാർ എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നിർമാണം നടത്തേണ്ടത്. തിരുവനന്തപുരം-189, കൊല്ലം-142, പത്തനംതിട്ട-64, ആലപ്പുഴ-163, കോട്ടയം-154, ഇടുക്കി-52, എറണാകുളം-87, തൃശ്ശൂർ-158, പാലക്കാട്-156, മലപ്പുറം-296, കോഴിക്കോട്-175, വയനാട്-37, കണ്ണൂർ-255, കാസർകോട്-83 എന്നിങ്ങനെയാണ് വിവിധ ജില്ലകൾക്കനുവദിച്ച പാചകപ്പുരകൾ.