എടപ്പാൾ: സർക്കാർ സേവനങ്ങൾ കൈയെത്തുംദൂരത്താക്കിയ ഇ-ഡിസ്ട്രിക്ടിലൂടെ ഇതുവരെ നൽകിയത് 6.3 കോടി സർട്ടിഫിക്കറ്റുകൾ. വില്ലേജ് ഓഫീസർമാരടക്കമുള്ളവർ രാപകൽ അധ്വാനിച്ചുണ്ടാക്കിയതാണ് ഈ നേട്ടം. സംസ്ഥാനത്തെ 1665 വില്ലേജ് ഓഫീസർമാരുടെ പ്രവൃത്തിസമയം കണക്കുകൂട്ടിയാൽ, ഓരോ പതിനൊന്നുമിനിറ്റിലും ഒരു സർട്ടിഫിക്കറ്റ് വീതം നൽകുന്നുണ്ട്. വിവിധ തരത്തിലുള്ള 44 സർട്ടിഫിക്കറ്റുകൾ ഇ-ഡിസ്ട്രിക്ട്‌ വഴി ജനങ്ങൾക്ക്‌ ലഭിക്കും. അതിൽ 24 എണ്ണം റവന്യൂ വകുപ്പിൽനിന്നുള്ളതാണ്.

6,83,17,922 അപേക്ഷകളാണ് ഇതുവരെ ഇ-ഡിസ്ട്രിക്ടിലൂടെ ലഭിച്ചത്. അതിൽ 6,30,41,291 പേർക്ക്‌ വിവിധ സർട്ടിഫിക്കറ്റുകൾ നൽകി. ഇതിൽ 2,20,20,307 എണ്ണം വരുമാന സർട്ടിഫിക്കറ്റാണ്. കഴിഞ്ഞ വർഷം ഒരു കോടി സർട്ടിഫിക്കറ്റുകളാണ് ഓൺലൈനായി നൽകിയത്. ഒരു വില്ലേജ് ഓഫീസിൽനിന്ന്‌ ശരാശരി ആറായിരം വീതം. ഓഫീസ് സമയം കഴിഞ്ഞ് അഞ്ചിനും രാവിലെ പത്തിനുമിടയിലാണ് വില്ലേജ് ഓഫീസിൽനിന്നുള്ള സർട്ടിഫിക്കറ്റുകളിൽ 30 ശതമാനത്തോളം നൽകുന്നതെന്ന് ഐ.ടി.മിഷൻ വ്യക്തമാക്കുന്നു. 2008-ൽ പൈലറ്റ് പദ്ധതിയായി തുടങ്ങിയ ഇ-ഡിസ്ട്രിക്ട്, 2012 ഡിസംബറിൽ ഔദ്യോഗികമായി ആരംഭിച്ചു.

മലപ്പുറത്ത് 13 ലക്ഷം

മലപ്പുറം ജില്ലയിൽ കഴിഞ്ഞവർഷം സെപ്‌റ്റംബർ ഒന്നുമുതൽ 2021 ഒക്ടോബർ ഒന്നുവരെ നൽകിയത് 13 ലക്ഷം സർട്ടിഫിക്കറ്റുകളാണ്. 138 വില്ലേജ് ഓഫീസുകളാണ് ജില്ലയിലുള്ളത്. ജില്ലയിൽ ഒരു സർട്ടിഫിക്കറ്റ് നൽകാനെടുക്കുന്ന സമയം സംസ്ഥാന ശരാശരിയേക്കാൾ താഴെയാണ്- 7.4 മിനിറ്റ്.

അന്വേഷണം പേരിനുപോലുമില്ല

വരുമാനം, ജാതി, ക്രീമിലെയർ തുടങ്ങി മിക്ക സർട്ടിഫിക്കറ്റുകളും നൽകാൻ സ്ഥലപരിശോധനയും പ്രാദേശിക അന്വേഷണവും നടത്തണമെന്നാണ് ചട്ടം. പക്ഷേ, അപേക്ഷകരുടെ ബാഹുല്യം കാരണം ഈ പരിശോധനകളേറെയും നടക്കാറില്ല. വരുമാനമടക്കം സകലതിലും അപേക്ഷകർ പറയുന്നതുപോലെ നൽകുകയല്ലാതെ വില്ലേജ് ഓഫീസർമാർക്ക്‌ വേറെ മാർഗവുമില്ല. അന്വേഷിച്ച് സർട്ടിഫിക്കറ്റ് നൽകിതുടങ്ങിയാൽ ഒരു ദിവസം ഒന്നോ രണ്ടോ സർട്ടിഫിക്കറ്റ്‌ പോലും ജനങ്ങൾക്ക്‌ കിട്ടില്ല.

44 സേവനങ്ങൾ

കൈവശാവകാശ സർട്ടിഫിക്കറ്റ്, വരുമാനം, ജാതി, നേറ്റിവിറ്റി, ലൊക്കേഷൻ, വൺ ആൻഡ് ദ സെയിം, കമ്യൂണിറ്റി, റെസിഡൻറ്‌സ്, റിലേഷൻഷിപ്പ്, ഫാമിലി മെമ്പർഷിപ്പ്, നോൺ റീ മാരേജ്, പൊസഷൻ ആൻഡ് നോൺ അറ്റാച്ച്‌മെന്റ്, ഡോമിസൈൽ, ലൈഫ്, ഐഡന്റിഫിക്കേഷൻ, വാല്വേഷൻ, ലീഗൽ ഹെയർ, വിധവ, ഡിപ്പൻഡൻസി, ഡെസ്റ്റിറ്റ്യൂട്ട്, സോൾവൻസി, മിശ്രവിവാഹം, മതംമാറ്റം, ന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ.

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾ, ദുരിതാശ്വാസനിധിയിലേക്കുള്ള അപേക്ഷകൾ, ടെലിഫോൺ, വൈദ്യുതി, വെള്ളം തുടങ്ങിയ ബില്ലുകളടയ്ക്കൽ, കാലിക്കറ്റ് സർവകലാശാലാ ഫീസടവുകൾ, ക്ഷേമനിധി അംശാദയമടയ്ക്കൽ, ഇ-ചെലാനുകൾ.