പുളിക്കൽ: കേൾവി-സംസാര പരിമിതിയുള്ളവർക്കും ഇനി വിശുദ്ധ ഗ്രന്ഥമായ ഖുർആൻ വായിക്കാം. അറബി ഭാഷയിൽ ആംഗ്യത്തിലൂടെ ഖുർആൻ ‘പാരായണം’ ചെയ്യാൻ അവസരമൊരുക്കിയിരിക്കുകയാണ് പുളിക്കൽ എബിലിറ്റി ഫൗണ്ടേഷൻ ഫോർ ഡിസേബ്ൾഡ് എന്ന സ്ഥാപനം.

അറബി അടയാളങ്ങളിലൂടെ ഖുർആൻ ഹൃദിസ്ഥമാക്കാൻ വേണ്ട പരിശീലനങ്ങൾ നൽകുകയാണിവിടെ. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു പരീക്ഷണം. വേദഗ്രന്ഥം പാരായണം ചെയ്യണമെന്ന് ആഗ്രഹമുള്ള കേൾവിശക്തിയും സംസാരശേഷിയും ഇല്ലാത്തവർക്ക്‌ യാതൊരു സംവിധാനവും നിലവിൽ ഇല്ല. പാരായണം ചെയ്താൽ പുണ്യം ലഭിക്കുമെന്ന വിശ്വാസമുള്ളതിനാൽ ഇത്തരക്കാർക്കും അതിന് അവസരമൊരുക്കണമെന്ന ആശയം എബിലിറ്റിയിൽ രൂപപ്പെടുകയായിരുന്നു.

നിലവിൽ എട്ടുപേർ ഇവിടെ അറബി ആംഗ്യഭാഷയിൽ ഖുർആൻ പരിശീലനം നേടുന്നു. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽനിന്നുള്ളവരാണിവർ. അറബി അക്ഷരങ്ങൾക്ക് തത്തുല്യമായ ആംഗ്യഭാഷ രൂപപ്പെടുത്തി പഠിപ്പിക്കുകയാണ് ചെയ്യുന്നത്. രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാണ് പരിശീലനം. പി.ടി. അബ്ദുൽ വാഹിദ് വാഴക്കാട്, ഹുസൈൻ കള്ളന്തോട് എന്നിവരാണ് പരിശീലകർ.

മൂന്നാഴ്ചയിലെ പരിശീലനം ആദ്യഘട്ടത്തിൽ നൽകും. തുടർപരിശീലനവും ഉണ്ടായിരിക്കും. പരിശീലനം നേടുന്നവർക്ക് ഭക്ഷണം, താമസം എന്നിവ സൗജന്യമായി ഇവിടെ ഒരുക്കിയിട്ടുണ്ട്. ധാർമിക പഠനത്തിൽ ഇത്തരക്കാരെ പ്രാപ്തരാക്കുകയും വ്യക്തിത്വവികസനം, മദ്രസാ പഠനസാധ്യത വളർത്തൽ എന്നിവയുമാണ് ഈ പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് എബിലിറ്റി ചെയർമാൻ കെ.അഹമ്മദ് കുട്ടി, സെക്രട്ടറി അഡ്വ. സലീം കോനാരി, പ്രിൻസിപ്പൽ നസീം മടവൂർ എന്നിവർ പറഞ്ഞു.