ആലപ്പുഴ: കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി (കാസ്പ്) പ്രകാരം സംസ്ഥാനത്ത് സൗജന്യ കോവിഡ് ചികിത്സലഭിച്ചത് 1.20 ലക്ഷം പേർക്ക്. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി 370.47 കോടി രൂപയുടെ ചികിത്സയാണു പദ്ധതിയിലുൾപ്പെട്ടവർക്കു നൽകിയത്. കോവിഡ് ചികിത്സയ്ക്കു വൻതുക ചെലവാകുമ്പോൾ സാധാരണക്കാർക്കു കാരുണ്യ ആശ്വാസമാകുകയാണ്.

കാരുണ്യപദ്ധതിയിലൂടെ പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ ചികിത്സയാണ് ഒരു കുടുംബത്തിനു നൽകുന്നത്. സംസ്ഥാനത്ത് 42 ലക്ഷം കുടുംബങ്ങളാണു പദ്ധതിയിലുൾപ്പെടുന്നത്. ഇവർക്കു സർക്കാർ-സ്വകാര്യ മേഖലകളിലെ 476 ആശുപത്രികളിലൂടെയാണു സൗജന്യചികിത്സ നൽകിയിരുന്നത്.

എന്നാൽ, കോവിഡ് വ്യാപകമായതോടെ കൂടുതൽ സ്വകാര്യ ആശുപത്രികളെ സർക്കാർ പദ്ധതിയുടെ ഭാഗമാക്കി. നിലവിൽ 562 സ്വകാര്യ ആശുപത്രികളാണു പദ്ധതിയുടെ കീഴിലുള്ളത്. കോവിഡ് ചികിത്സയ്ക്കുമാത്രമായി 140 സ്വകാര്യ ആശുപത്രികളുമായി പദ്ധതിയുടെ നടത്തിപ്പുചുമതലയുള്ള സംസ്ഥാന ആരോഗ്യ ഏജൻസി (എസ്.എച്ച്.എ.)കരാറിലേർപ്പെട്ടു.

നഗര-ഗ്രാമീണ വ്യത്യാസമില്ലാതെ സംസ്ഥാനത്തെല്ലായിടത്തും ഇതുവഴി മെച്ചപ്പെട്ട സൗജന്യ കോവിഡ് ചികിത്സ ലഭ്യമാക്കാൻ കാസ്പിനു കഴിഞ്ഞു. സൗജന്യചികിത്സ നൽകിയ വകയിൽ ആശുപത്രികൾക്കു സർക്കാർ ഇതിനകം 140.93 കോടി രൂപ നൽകിക്കഴിഞ്ഞു. പദ്ധതി മാനദണ്ഡമനുസരിച്ചാണോ ചികിത്സ നൽകിയതെന്നു പരിശോധിച്ചു ബാക്കിത്തുക പിന്നാലെ കൈമാറും.

കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരതും സംസ്ഥാന സർക്കാരിനുകീഴിലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും സംയോജിപ്പിച്ചാണു കേരളത്തിൽ കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നടപ്പാക്കിയത്. പദ്ധതിത്തുകയിൽ 85 ശതമാനത്തോളം സംസ്ഥാനവും 15 ശതമാനത്തിലധികം കേന്ദ്രവുമാണു വഹിക്കുന്നത്.