കൊച്ചി: കള്ള്‌ ബോർഡ് സി.പി.എം. കുത്തകയാക്കുമോ എന്ന് ഐ.എൻ.ടി.യു.സി.ക്ക് ആശങ്ക. കള്ളിന്റെ ഉത്‌പാദനവും വിതരണവും ലക്ഷ്യമിട്ട് സർക്കാർ കൊണ്ടുവരാൻ പോകുന്ന കള്ള്‌ ബോർഡ്, ചെത്ത് തൊഴിലാളി സൊസൈറ്റികൾക്ക് സമാനമായി സി.പി.എം. പിടിച്ചടക്കുമെന്നാണ് ഐ.എൻ.ടി.യു.സി. കണക്കുകൂട്ടുന്നത്. ഇക്കാര്യത്തിൽ തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാകണമെന്നാണ് ഐ.എൻ.ടി.യു.സി.യുടെ നേതൃത്വത്തിലുള്ള ദേശീയ കള്ളുചെത്ത്‌ വ്യവസായ തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെടുന്നത്.

സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റികളുടെ കീഴിലാണ് ഷാപ്പുകൾ കൂടുതലും പ്രവർത്തിക്കുന്നത്. ഈ മേഖലയിലെ മറ്റ് തൊഴിലാളി യൂണിയനുകൾക്ക് ഒരു പരിഗണനയും ലഭിക്കുന്നില്ല. സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ചിരിക്കുന്ന കള്ള്‌ ബോർഡിൽ മറ്റ് തൊഴിലാളി യൂണിയനുകൾക്കും പ്രാതിനിധ്യം കിട്ടണമെന്നാണ് ആവശ്യം.

കള്ള്‌ ബോർഡ് ഇടതുമുന്നണിയുടെ ആശയമല്ല. കെ. ബാബു എക്‌സൈസ് മന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന ആശയമാണ്. അക്കാലത്ത് അത് നടപ്പാക്കാൻ സാധിച്ചില്ല. അതിനുശേഷം വന്ന ഇടതുസർക്കാരിനും ബോർഡ് പ്രാവർത്തികമാക്കാൻ സാധിച്ചില്ല. ഇപ്പോൾ അത് പ്രാവർത്തികമാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ബോർഡ് വരുമ്പോൾ എല്ലാവരെയും പരിഗണിക്കണം. കള്ളിന്റെ ഉത്‌പാദനമടക്കമുള്ള കാര്യങ്ങളിൽ വിശദമായ ചർച്ച വേണമെന്നും ഐ.എൻ.ടി.യു.സി. ആവശ്യപ്പെടുന്നു.