ആലപ്പുഴ: സംസ്ഥാനത്തു കുടുംബശ്രീ ജനകീയ ഭക്ഷണശാലകൾ കൂടുതൽ ജനകീയമാകുന്നു. പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിൽ പ്രവർത്തിക്കുന്ന 1,095 ഭക്ഷണശാലകളുടെയും ഗ്രേഡിങ്ങും പൂർത്തിയായിട്ടുണ്ട്.

ശുചിത്വം, വിഭവങ്ങളുടെ വൈവിധ്യം, ഭക്ഷണത്തിന്റെ ഗുണമേന്മ, പ്രവർത്തനസമയം, പ്രതിമാസവിറ്റുവരവ്, സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടടത്തിന്റെയും ചുറ്റുപാടുകളുടെയും അവസ്ഥ എന്നീ മാനദണ്ഡങ്ങൾ പാലിച്ചാണു ഗ്രേഡിങ്. എ പ്ലസ്, എ, ബി, സി എന്നിങ്ങനെ പ്രത്യേകം നിർണയിക്കപ്പെട്ട സൂചികകളുടെ അടിസ്ഥാനത്തിലാണിത്. പ്രവർത്തനക്ഷമതയും നിലവാരവുമടക്കം മെച്ചപ്പെടുത്തുന്നതിനാണ് ഗ്രേഡിങ് സംവിധാനം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ചാണു സൂചിക തയ്യാറാക്കിയത്.

സംസ്ഥാനത്തെ ജനകീയ ഹോട്ടലുകളിൽനിന്ന് പ്രതിദിനം 1.80 ലക്ഷം ഉച്ചയൂണാണു വിൽക്കുന്നത്. ഇതുവരെ 5.16 കോടി രൂപയുടെ ഉച്ചയൂണ് വിറ്റുകഴിഞ്ഞു. പദ്ധതിക്കായി സർക്കാർ 42.64 കോടി രൂപയുടെ സബ്ഡിസി ഇതുവരെ നൽകി.

4,885 കുടുംബശ്രീ വനിതകൾക്ക്‌ ഇതിലൂടെ സ്ഥിരവരുമാനവും നേടുന്നുണ്ട്.

2019-20 സാമ്പത്തികവർഷത്തിൽ സർക്കാർ ബജറ്റിൽ അവതരിപ്പിച്ച ‘വിശപ്പുരഹിത കേരളം’ എന്ന ജനക്ഷേമ പദ്ധതിയുടെ ഭാഗമായാണു ജനകീയ ഹോട്ടലുകൾ പ്രവർത്തനമാരംഭിച്ചത്. പണമില്ലാത്തതിന്റെ പേരിൽ ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യവുമായായിരുന്നു ഈ പദ്ധതി. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ പദ്ധതി വേഗത്തിൽ ആരംഭിക്കുകയായിരുന്നു.

എറണാകുളത്താണ് ഏറ്റവുംകൂടുതൽ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. 108 ഹോട്ടലുകളുണ്ട്. മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിൽ യഥാക്രമം 103, 102 ഹോട്ടലുകൾ പ്രവർത്തിക്കുന്നു. കൊല്ലം- 78, പത്തനംതിട്ട- 53, ആലപ്പുഴ- 86, കോട്ടയം- 85, ഇടുക്കി- 44, തൃശ്ശൂർ- 89, പാലക്കാട്- 98, കോഴിക്കോട്- 93, കണ്ണൂർ- 87, കാസർകോട്- 41, വയനാട്- 28 എന്നിങ്ങനെയാണു മറ്റു ജില്ലകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളുടെ എണ്ണം.