ആലപ്പുഴ: കുട്ടനാട്ടിലെ കുമരങ്കരിയിലെ തട്ടേൽ ഷാപ്പിനുസമീപം യുവാവിനെ കൊലപ്പെടുത്തി പാടത്തുതള്ളിയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കു ജീവപര്യന്തം തടവും ലക്ഷം രൂപ വീതം പിഴയും ശിക്ഷ. തിരുവനന്തപുരം ആനാവൂർ കൈതകോണം വീട്ടിൽ സതീഷിനെ (28) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കോട്ടയം വാഴപ്പള്ളി പഞ്ചായത്ത് 19-ാം വാർഡ് കട്ടത്തറ വീട്ടിൽ അനീഷ് (മാങ്ങാണ്ടി അനീഷ് -35), വാഴപ്പള്ളി 16-ാം വാർഡ് പറാൽ കുഴിപറമ്പിൽ സദാനന്ദൻ (സദൻ- 61) എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് മൂന്നാംകോടതി ജഡ്ജി പി.എൻ. സീത ശിക്ഷിച്ചത്.

പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിനതടവനുഭവിക്കണം. കേസിലെ മൂന്നാംപ്രതി ശശികുമാറിനെയും നാലാംപ്രതി വർഗീസ് തോമസിനെയും (ടോമിച്ചൻ) കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. 2008 ജൂലായ് 20-നാണു സംഭവം. കുമരങ്കരിയിലെ തട്ടേൽ ഷാപ്പിനുസമീപത്തെ പാടത്ത് ചെളിയിൽപ്പൂണ്ട നിലയിലാണു മൃതദേഹം കാണപ്പെട്ടത്.

തിരുവനന്തപുരം സ്വദേശിയായ സതീഷും കുടുംബവും ചങ്ങനാശ്ശേരിയിൽ വാടകയ്ക്കുതാമസിച്ചു കെട്ടിടങ്ങൾനിർമിക്കുന്ന കരാറെടുത്തു ജോലിചെയ്തു വരുകയായിരുന്നു. അനീഷും സദാനന്ദനും ഇവരുടെ മേശരിപ്പണിക്കാരായിരുന്നു.

ജൂലായ് 19-നു സതീഷ് പ്രതികളുമായി കള്ളുഷാപ്പിൽപ്പോയി. രാത്രി സതീഷ് വീട്ടിലേക്കു മടങ്ങിവന്നില്ല. പിറ്റേന്നുനടത്തിയ പരിശോധനയിലാണു പാടത്തു ചെളിയിൽ മൃതദേഹം കാണപ്പെട്ടത്.

രാമങ്കരി പോലീസ് ആദ്യം മുങ്ങിമരണത്തിനു കേസെടുത്തു. സതീഷിന്റെ രക്ഷാകർത്താക്കളുടെ പരാതിയെത്തുടർന്നു സുഹൃത്തുക്കളെ ചോദ്യംചെയ്തു. ഷാപ്പിൽ വഴക്കുണ്ടായതിനു തെളിവുകൾ ലഭിച്ചപ്പോൾ പോലീസ് പ്രതികൾക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. പ്രതികൾ ജാമ്യവുമെടുത്തു.

എന്നാൽ, സംഭവം കൊലപാതകമാണെന്നാരോപിച്ചു സതീഷിന്റെ ബന്ധുക്കൾ രാമങ്കരി മജിസ്‌ട്രേറ്റ് കോടതിയിൽ സ്വകാര്യ ഹർജി നൽകി. ഇതേത്തുടർന്നു പ്രതികൾക്കെതിരേ കൊലപാതകക്കേസ് രജിസ്റ്റർചെയ്തു. ഡിവൈ.എസ്.പി. രവീന്ദ്രനാഥന്റെ നേതൃത്വത്തിൽനടന്ന അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്നു കണ്ടെത്തി.

സതീഷിന്റെ മോതിരം സദാനന്ദൻ വാങ്ങി പണയംവെച്ചിരുന്നു. സതീഷ് പണയരസീതു ചോദിച്ചപ്പോഴുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. സതീഷിനെ ക്രൂരമായി മർദിച്ചശേഷം രാമങ്കരി പാടത്ത്‌ ഉപേക്ഷിക്കുകയായിരുന്നുവെന്നാണു പ്രോസിക്യൂഷൻ കേസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടും ഡോക്ടറുടെ മൊഴിയും വഴിത്തിരിവായി.

പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.പി. ഗീത, ആര്യാ സദാശിവൻ എന്നിവർ ഹാജരായി.